കോടതി വടിയെടുത്തു; ബോബി പുറത്തുചാടി
Thursday, January 16, 2025 2:33 AM IST
കാക്കനാട്: ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിട്ടും ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണൂര്‍ ഇന്നലെ രാവിലെ കോടതി ചേരുംമുമ്പേ കാക്കനാട് ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങി.
റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണു താന്‍ ജയിലില്‍നിന്ന് ഇറങ്ങാതിരുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ബോബി പറഞ്ഞത്.
പിഴ അടയ്ക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി തനിക്കു മുന്നിലെത്തിയവര്‍ക്കു വേണ്ടിയാണ് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്നതെന്ന് ആവര്‍ത്തിച്ച ബോബി ജയിലിനുമുന്നില്‍ കാത്തുകിടന്ന വാഹനത്തില്‍ കയറി തൃശൂരിലേക്കു പോയി.
രാവിലെ പത്തിന് ഹൈക്കോടതി കൂടുന്പോൾ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെടുമെന്ന് അഭിഭാഷകര്‍ മുഖേന അറിഞ്ഞ ബോബി രാവിലെ 9.53 ന് കാക്കനാട് ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങി സ്ഥലം വിടുകയായിരുന്നു.
ചൊവ്വാഴ്ച ജയിലിനുമുന്നില്‍ നൂറുകണക്കിന് ആരാധകരെത്തുകയും ബോബിക്ക് ജയ് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ജയിലിനുമുന്നില്‍ ആരാധകരാരും എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമായി.