റബര്‍ മേഖലയുടെ സമഗ്ര വികസനം: ചർച്ചയ്ക്കു തയാറെന്ന് കേന്ദ്രമന്ത്രി
Friday, January 17, 2025 6:24 AM IST
കോട്ടയം: റബര്‍ മേഖലയുടെ സമഗ്ര വികസനത്തിന് കര്ഷകരുള്പ്പെട എല്ലാവരുമായും ചർച്ചയ്ക്ക് തയാറാണെന്നും കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കണമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. 1947-ലെ റബര്‍ ആക്ടിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും റബര്‍ കര്ഷകസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റബര്‍ പ്ലാന്റിംഗ് സബ്സിഡി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേരളത്തില്‍ റബറില്‍നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിർമിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ പങ്കുവഹിക്കാനാകും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിലസ്ഥിരഥാ പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ ഇയുഡിആര്ന് അനുസൃതമായിട്ടുള്ളപരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഇന്ത്യന്‍ സസ്റ്റൈനബിള്‍ നാച്ചുറല്‍ റബറിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറകക്ടര്‍ എം. വസന്തഗേശന്‍, റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് ജി. അനില്‍ കുമാര്‍, റബര്‍ബോര്‍ഡ് അംഗം എന്‍. ഹരി, റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഡോ. ടി. സിജു എന്നിവര്‍ പ്രസംഗിച്ചു. പ്രകൃതിദത്ത റബറിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള അവാര്‍ഡുകളും യോഗത്തില്‍ വിതരണം ചെയ്തു.
ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ റബറിന്റെ സ്വാധീനത്തെക്കുറിച്ച് ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. ജോബി ജോസഫ് പ്രസംഗിച്ചു.
കേരള റബര്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല തോമസ്, പ്ലാന്റേഷന് കോര്പറേഷന് ഓഫ് കേരളയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് എന്നിവര്‍ പാനല്‍ ചര്‍ച്ചകളുടെ മോഡറേറ്റര്‍മാരായിരുന്നു.
കര്‍ഷകര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധം
കോട്ടയം: അടുത്തവര്‍ഷം ജനുവരി മുതല്‍ റബര്‍ ബോര്‍ഡ് യൂറോപ്യന്‍ യൂണിയന് ഡി ഫോറസ്റ്റേഷന് റെഗുലേഷന് (ഇയുഡിആര്‍) സംവിധാനം നിലവില്‍ വരും. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ കയറ്റുമതി ചെയ്യുന്ന റബറിനും റബര്‍ ഉത്പന്നങ്ങള്‍ക്കും ഡ്യൂ ഡിലിജന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമാണിത്. 2020നു ശേഷം വനനശീകരണം നടത്തിയ സ്ഥലത്ത് റബര്‍ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചതല്ല എന്ന സാക്ഷ്യപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്റെ നിബന്ധനപ്രകാരമാണ് ഈ സംവിധാനം.
എവിടെനിന്നാണ് റബര്‍ ഉത്പാദിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ജിയോ ടാഗ് ഉള്‍പ്പെടെയുള്ളവ സാക്ഷ്യപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരും. യൂറോപ്യന്‍ യൂണിയനിലേക്ക് ഇങ്ങനെ കയറ്റി അയക്കുന്ന റബറിനും ഉത്പന്നങ്ങള്‍ക്കും 15 ശതമാനം അധിക വില ലഭിക്കാന്‍ ഇത് ഇടയാക്കും. ഇതിനായി റബര്‍ കര്‍ഷകരും ഡീലര്‍മാരും കയറ്റുമതിക്കാരും പ്രത്യേകം രജിസ്ര്ട്രേഷന് നേടണം. റബര്‍ ബോര്‍ഡ് വെബ് സൈറ്റില്‍ രജിസ്ട്രേഷന് നടത്താം.
കര്‍ഷകര്‍ ഫീസ് നല്‍കേണ്ടതില്ല. റബര്‍ ബോര്‍ഡ് ഓഫീസര്‍ തോട്ടം സന്ദര്‍ശിച്ച് ഇക്കാര്യം ഉറപ്പുവരുത്തും. സ്ഥലം സംബന്ധിച്ച് രേഖകള്‍ കര്‍ഷകര്‍ കാണിച്ച് ബോധ്യപ്പെടുത്തണം.