ഉയര്‍ന്ന നഷ്ടപരിഹാരത്തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി
Friday, January 17, 2025 6:24 AM IST
കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാരത്തു ദുരന്തബാധിതരുടെ അവകാശമല്ലെന്നു ഹൈക്കോടതി. വയനാട്ടില്‍ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ നിര്‍ബന്ധിത ഉത്തരവാദിത്വമായി ഇതിനെ കാണരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ടൗണ്‍ഷിപ്പില്‍ താമസിക്കുന്നതിനു പകരം നിശ്ചിത തുക നല്‍കണമെന്ന ദുരിതബാധിതന്റെ ആവശ്യത്തിലാണ് കോടതി കടുത്ത നിലപാട് സ്വീകരിച്ചത്.
വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന വീടും നഷ്ടപരിഹാരത്തുകയും അപര്യാപ്തമാണെന്ന പരാതി തള്ളിയാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. പുനരധിവാസവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള ഹർജിയില്‍ കക്ഷി ചേര്‍ന്ന ബൈജു മാത്യൂസ്, സാബു സ്റ്റീഫന്‍ തുടങ്ങിയവരാണ് ഉയര്‍ന്ന നഷ്ടപരിഹാരമെന്ന ആവശ്യമുന്നയിച്ചത്.
വയനാട്ടിലേതു പ്രകൃതിദുരന്തമാണെന്നും മനുഷ്യനിര്‍മിതമല്ലെന്നും പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നഷ്ടപരിഹാരത്തുക എത്ര വേണമെന്ന് സര്‍ക്കാരിനോട് ദുരിതബാധിതര്‍ക്ക് ആവശ്യപ്പെടാനാകില്ല. ഉയര്‍ന്ന നഷ്ടപരിഹാരത്തുക ദുരന്തബാധിതരുടെ അവകാശമല്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ബന്ധിത ഉത്തരവാദിത്വമായി കാണരുതെന്നും കോടതി പറഞ്ഞു.
ടൗണ്‍ഷിപ് നിര്‍മാണം സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ്. വ്യക്തിപരമായ മുന്‍ഗണന നല്കാന് സര്‍ക്കാരിനു കഴിയില്ല. ലഭ്യമായ വിഭവങ്ങള്‍ തുല്യമായി വീതിച്ചു നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതല. ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ല. ടൗണ്‍ഷിപ്പിലെ വീടിനു പകരം നല്കുന്ന തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറിയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഉരുൾപൊട്ടല്‍ മാത്രമല്ല ദുരന്തമെന്നും മറ്റു ദുരന്തങ്ങളെ നേരിട്ടവരുമുണ്ടെന്നും അവര്‍ക്കുവേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ടൗണ്‍ഷിപ്പില്‍ 10 ലക്ഷം രൂപയുടെ വീടോ 15 ലക്ഷം രൂപ നഷ്ടപരിഹാരമോ നല്‍കാനുള്ള തീരുമാനം പ്രായോഗികമാണ്. ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലെങ്കില്‍ സ്വന്തം നിലയ്ക്കു വാങ്ങാന്‍ 15 ലക്ഷം രൂപ നല്‍കും. ദുരന്തബാധിതകര്‍ക്കുള്ള നഷ്ടപരിഹാരമായി ഇതിനെ കാണണം. സുരക്ഷിതമായ സ്ഥലത്താണു സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയില്‍ വിനിയോഗിക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.