വ്യക്തിപൂജയും പുകഴ്ത്തലും തള്ളാതെ മുഖ്യമന്ത്രി
Thursday, January 16, 2025 2:33 AM IST
തിരുവനന്തപുരം: വല്ലാതെ അധിക്ഷേപിക്കുന്പോൾ ലേശം പുകഴ്ത്തൽ വന്നാൽ നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) അസ്വസ്ഥത ഉണ്ടാകുമല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പാട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പാട്ടെഴുതിയത് ആരാണെന്ന് അറിയില്ല. അതെഴുതിയ ആൾ എന്റെയടുത്ത് വന്നിട്ടില്ല. സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ നിൽക്കുന്നവർക്ക് ഇതൊക്കെ വിഷമമുണ്ടാക്കും.
വലിയ രീതിയിൽ കുറ്റങ്ങൾ ഉയരുന്പോൾ അതിന്റെ ഭാഗമല്ലാത്ത കാര്യങ്ങൾ വിഷമകരമായിരിക്കും. ഞങ്ങൾ വ്യക്തിപൂജയ്ക്ക് നിന്നുകൊടുക്കുന്ന ആളുകളല്ല. വ്യക്തിപൂജയുടെ ഭാഗമായി ഒന്നും നേടാനുമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കട്ടൗട്ടിൽ ചില വ്യക്തത വരുത്തേണ്ടതുണ്ട്. പ്രചാരണം ആകമാനം പാടില്ലെന്ന നിലപാട് സർക്കാരിനില്ല. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ നിയമവിധേയമായി പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാവുന്നതാണ്.
ഫ്ളക്സ് മാത്രമാണ് പൂർണമായി നിരോധിച്ചത്. കോടതി നിർദേശങ്ങൾക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.