കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
Thursday, January 16, 2025 2:45 AM IST
എടക്കര (മലപ്പുറം): നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും ആദിവാസി കൊല്ലപ്പെട്ടു. ഭര്‍ത്താവിനൊപ്പം വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ മൂത്തേടം ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52) യാണു കൊല്ലപ്പെട്ടത്.
പത്തു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആദിവാസിയാണിവര്. ഈ മാസം അഞ്ചിനു കരുളായി വനപാതയില്‍ നെടുങ്കയം പൂച്ചപ്പാറ മണി (35) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സരോജിനിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. ഉച്ചക്കുളം ഊരിനോടു ചേര്‍ന്ന വനത്തില്‍ ഭര്‍ത്താവിനും ഊരിലെ മറ്റ് മൂന്നു സത്രീകള്ക്കുമൊപ്പമാണ് ഇവർ കാലികളെ മേയ്ക്കാന്‍ പോയത്.
ഊരില്‍നിന്നു നാനൂറു മീറ്റര്‍ അകലെ കാലികളെ മേയ്ക്കുന്നതിനിടെ പിറകിലൂടെയെത്തിയ മോഴ ആന സരോജിനിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അടക്കമുള്ളവര്‍ ആനയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് ആന മാറിയശേഷം ആളുകളെത്തി മൃതദേഹം ഊരിലെത്തിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ സരോജിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആദിവാസികളും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു.
സരോജിനി മരിച്ചിട്ടില്ലെന്നു പറഞ്ഞാണ് വനം ജീവനക്കാര്‍ മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചത്.