ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണജയന്തി ആഘോഷം നാളെ
Friday, January 17, 2025 6:08 AM IST
കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം നാളെ കോഴിക്കോട്ട് നടക്കും. ശ്രീധരന്‍പിള്ളയുടെ സാഹിത്യസംഭാവനകളെക്കുറിച്ചുള്ള ചര്‍ച്ച, സമാദരണ സദസ്, സുവനീര്‍ പ്രകാശനം, അദ്ദേഹത്തിന്റെ 25-ാം പുസ്തകത്തിന്റെ പ്രകാശനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആഘോഷ പരിപാടികള്‍ കാലിക്കട്ട് ടവര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നരയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇൻഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പത്തരയ്ക്കു ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങളുടെ പ്രകാശനത്തോടെയാണ് ആഘോഷ പരിപാടികള്‍ക്കു തുടക്കമാകുക. വൃക്ഷ ആയുര്‍വേദ, ആള്റ്റിട്യൂഡ്സ് ഓഫ് ദ ഓള്‍മൈറ്റി എന്നീ പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, അമൃതാനന്ദമയി മിഷന് കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി എന്നിവര്‍ക്കു നല്കി മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിക്കും. നോവലിസ്റ്റ് പി.ആര്. നാഥന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ശ്രീധരന്‍പിള്ളയുടെ സാഹിത്യ സംഭാവനകളെക്കുറിച്ചുള്ള ചര്‍ച്ച നടക്കും.
വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന സുവര്‍ണ ജയന്തി ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് എം.പി. അഹമ്മദ് അധ്യക്ഷത വഹിക്കും.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. എം.കെ. രാഘവന് എംപി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.