‘ഡിസ്റ്റിലറി’യിൽ പ്രതിഷേധം നിറയുന്നു ; വന്‍ അഴിമതിയെന്ന് ചെന്നിത്തല
Friday, January 17, 2025 6:24 AM IST
കൊല്ലം: കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഡിസ്റ്റിലറി തുടങ്ങാന്‍ ഈ കമ്പനിയെ തെരഞ്ഞടുത്തതിനു പിന്നിലുള്ള മാനദണ്ഡം വ്യക്തമാക്കണം. ടെണ്ടര്‍ ക്ഷണിച്ചിട്ടാണോ ഈ കമ്പനിയെ തെരഞ്ഞെടുത്തത് എന്നത് സര്‍ക്കാര്‍ ജനങ്ങളോട് വെളിപ്പെടുത്തണം.
അതീവ വരള്‍ച്ചാ സാധ്യതയുള്ള സ്ഥലമായ പാലക്കാട് പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടിവരുന്ന പ്ലാന്റുകള്‍ സ്ഥാപിച്ച് ഡിസ്റ്റലിലറി തുടങ്ങാന്‍ അനുമതി കൊടുത്തത് എന്ത് പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇതിനു പിന്നില്‍ വന്‍ അഴിമതിയാണ്. 2018ല്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് ഡിസ്റ്റിലറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ആ നീക്കം പാളിപ്പോയതാണ്.
അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് പറഞ്ഞത് നനയാതെ വിഴുപ്പു ചുമക്കുന്നു എന്നാണ്. ഇപ്പോള്‍ വിഴുപ്പു ചുമക്കുന്നതു നനഞ്ഞുകൊണ്ടാണോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിഗന്ധം: കെ. സുധാകരൻ
തിരുവനന്തപുരം: ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കന്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി പിൻവലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ലഹരി ഉപയോഗത്തെ ന്യായീകരിക്കുകയും എക്സൈസ് നടപടിയെ വിമർശിക്കുകയും ചെയ്യുന്ന മന്ത്രി ഉൾപ്പെടുന്ന പിണറായി മന്ത്രിസഭയുടെ ലഹരി വ്യാപനത്തിന് വേഗം നൽകുന്ന ഈ തീരുമാനത്തിൽ അദ്ഭുതപ്പെടാനില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് സതീശൻ
തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട മദ്യനിർമാണ ശാല അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്ലാന്റ് ആരംഭിക്കുന്നതിന് ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്ക് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണ്.
രാജ്യത്തെ പ്രമുഖ മദ്യനിർമാണ കന്പനികളിൽ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു കന്പനിയെ മാത്രം എങ്ങനെ തെരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും സർക്കാർ പൊതുസമൂഹത്തോടു പറയണം. മദ്യനിർമാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.