ആംബുലന്‍സിൽ രോഗിയുമായി അലച്ചിൽ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷന്
Friday, January 17, 2025 6:24 AM IST
കൊച്ചി: വടുതലയില്‍ ട്രെയിന്‍ തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗിയുമായി ആംബുലന്‍സ് ഡ്രൈവര്‍ മണിക്കൂറുകളോളം ചികിത്സ തേടി അലഞ്ഞെന്ന പരാതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കമ്മീഷന് ചെയര്മാൻ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ നിര്‍ദേശം.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. കഴിഞ്ഞ 11ന് വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. പച്ചാളം സ്വദേശി സുബ്രഹ്മണ്യനാണു(75) പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗിയെ എത്തിച്ചു.
ഇവിടെ കിടക്ക ഒഴിവില്ലാത്തതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചു. രണ്ടേകാല്‍ മണിക്കൂര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ രോഗി വെന്റിലേറ്ററിന്റെ സഹായത്താല്‍ ആംബുലന്‍സില്‍ കിടന്നു. കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ടെങ്കിലും അവിടെയും കിടക്ക ഒഴിവില്ലെന്നു പറഞ്ഞതോടെ ആംബുലന്‍സ് ഡ്രൈവര്‍ നിസഹായനായി.
ഒടുവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു കിടക്ക ഒഴിവുണ്ടെന്ന വിവരമറിഞ്ഞയുടന്‍ അങ്ങോട്ടു തിരിക്കാന്‍ തീരുമാനിക്കവേ രോഗിയുടെ ബന്ധുവെത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എറണാകുളം, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ അത്യാസന്ന നിലയിലുള്ള രോഗിയെ പ്രവേശിപ്പിച്ചില്ലെന്ന വസ്തുത ഗൗരവമര്‍ഹിക്കുന്നു. ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. രോഗിയെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം വിശദമാക്കി റിപ്പോര്‍ട്ട് ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.