സംസ്ഥാനം വീണ്ടും 1500 കോടി കടമെടുക്കുന്നു
Friday, January 17, 2025 6:40 AM IST
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും 1500 കോടി രൂപകൂടി കടമെടുക്കുന്നു. കടപ്പത്രം പുറപ്പെടുവിക്കുന്നതിനുള്ള ലേലം 21ന് റിസർവ് ബാങ്ക് മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ജനുവരി 14ന് 2500 കോടി കേരളം കടം എടുത്തതിനു തൊട്ടു പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്. മാർച്ച് 31 വരെ എടുക്കാൻ അനുവദിച്ചിട്ടുള്ള 5510 കോടിയിൽ നിന്നാണ് 2500 കോടി കടമെടുത്തത്.
വീണ്ടും 1500 കോടി കടം എടുക്കുന്നതോടെ ഈ സാന്പത്തിക വർഷം ഇനി കടമെടുക്കാൻ അവശേഷിക്കുന്നത് 1510 കോടിയാണ്.മാർച്ച് വരെ ചെലവു ക്രമീകരിക്കാൻ 17,000 കോടിയുടെ വായ്പ അനുമതിക്ക് കേരളം അപേക്ഷിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല.