കുടുംബത്തിലെ മൂന്നു പേരടക്കം നാലുപേർ ഒഴുക്കിൽപ്പെട്ടു മരിച്ചു
സ്വന്തം ലേഖകൻ
Friday, January 17, 2025 6:40 AM IST
ചെറുതുരുത്തി: ഭാരതപ്പുഴയുടെ പൈങ്കുളം ശ്മശാനം കടവിൽ ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (35), മകൾ സറ (ഒന്പത്), ഷാഹിനയുടെ സഹോദരി ചേലക്കര മേപ്പാടം ആന്ത്രോത്ത് വീട്ടിൽ ഷഫാന - ജാഫർ ദമ്പതികളുടെ മകൻ ഫുവാദ് സനിൻ (13) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകുന്നേരം ഭാരതപ്പുഴ കാണാനെത്തിയതാണ് ഇവർ. കരയിൽ കളിച്ചുകൊണ്ടിരുന്ന സറ പുഴയിൽ വീണതോടെ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ച് അപകടത്തിൽപ്പെടുകയായിരുന്നു എന്നു പറയുന്നു. ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഷാഹിനയെ വൈകാതെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ടുമണിക്കൂർ തെരച്ചിലിനുശേഷമാണു മറ്റുള്ളവരുടെ മൃതദേഹങ്ങൾ രാത്രി എട്ടോടെയാണ് പുറത്തെടുത്തത്.
ആദ്യം ഫുവാദിനെയും കബീറിനെയും അവസാനമായി രാത്രി എട്ടോടെ സറയെയും കണ്ടെത്തി.നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും ചെറുതുരുത്തി, ചേലക്കര പോലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. ചേലക്കര ജീവോദയ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റും.
തൃശൂർ എസ്പി ആർ. ഇളങ്കോ, ജില്ലാ ഫയർ ഓഫീസർ എം.എം.എസ്. സുവി, വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ എൻ.കെ. നിധീഷ്, ഷൊർണൂർ സ്റ്റേഷൻ ഓഫീസർ എ.എം. വാഹിദ്, ചെറുതുരുത്തി സിഐ അനന്തകൃഷ്ണൻ, എസ്ഐമാരായ എ.ആർ. നിഖിൽ, വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.