അൻവറിന്റെ യുഡിഎഫ് പ്രവേശം: രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്ന് ഹസൻ
Friday, January 17, 2025 6:08 AM IST
കണ്ണൂർ: പി.വി. അൻവറിനെയും കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിലെടുക്കാൻ രേഖാമൂലം ആവശ്യപ്പെട്ടാൽ വിഷയം ചർച്ച ചെയ്യുമെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കേരള കോൺഗ്രസ് ഒരു മുന്നണിയുടെ ഭാഗമാണ്.
കെ.എം. മാണിയുടെ കാലം മുതൽ യുഡിഎഫിന്റെ നിർണായക ഘടകകക്ഷിയായിരുന്നു. അവർ ആവശ്യപ്പെട്ടാൽ പരിഗണിക്കും. കണ്ണൂർ ഡിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിൽ കോൺഗ്രസ് മാത്രമല്ല മറ്റു പാർട്ടികളുമുണ്ട്. ഇക്കാര്യത്തിൽ അവരോട് അഭിപ്രായം ചോദിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ല. അൻവർ നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അൻവർ മാത്രമല്ല , ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്ന് ഹസൻ പറഞ്ഞു.
അൻവർ എംഎൽഎസ്ഥാനം രാജിവച്ചതുകൊണ്ടാണ് സർക്കാർ വനം ഭേദഗതി നിയമം പിൻവലിച്ചതെന്നത് അൻവറിന്റെ മാത്രം അഭിപ്രായമാണ്. വനം നിയമഭേദഗതിയിൽനിന്നു സർക്കാർ പിന്മാറിയത് യുഡിഎഫ് പ്രക്ഷോഭം ഭയന്നാണെന്നു ഹസൻ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് വനംനിയമഭേദഗതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. വകുപ്പ് തലങ്ങളിൽ അങ്ങനെയൊരു ചർച്ച നടന്നിട്ടുണ്ടെങ്കിലും തീരുമാനം സർക്കാരിന്റെ മുന്പിലെത്തിയിട്ടില്ലെന്നും ഹസൻ പറഞ്ഞു.