വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര അനുമതി വേണ്ട: ഫ്രാന്‍സിസ് ജോര്‍ജ്
Friday, January 17, 2025 6:07 AM IST
കോട്ടയം: മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര നിയമം തടസമാണന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യ മൃഗങ്ങളെ വെടിവയ്ക്കണമെങ്കില്‍ ആറംഗ സമിതി യോഗം ചേര്‍ന്നു തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശരിയല്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രര്‍ യാദവ് തനിക്കു നല്കിയ കത്തില്‍ നിന്ന് വ്യക്തമാകുന്നത്.
വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് നല്കിയ നിവേദനത്തിന് മറുപടിയായി 2024 സെപ്റ്റംബറില്‍ കേന്ദ്ര മന്ത്രി അയച്ച കത്തിലാണ് വന്യജീവികളെ നേരിടുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ സംബന്ധിച്ച് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മനുഷ്യജീവന് അപകടകാരികളായ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളെ വെടിവയ്ക്കുവാനുള്ള അനുവാദം നല്കാന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് 1972ലെ വന നിയമപ്രകാരം തന്നെ അധികാരം ഉണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെട്ടതും മനുഷ്യജീവന് മാത്രമല്ല സ്വത്തുവകകള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതുമായ വന്യ മൃഗങ്ങളെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ ചുമതലപ്പെടുത്തുന്ന ഏതൊരു ഓഫീസര്‍ക്കോ അധികാരം ഉണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ മലയോര കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ കൈ കഴുകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിഷിപ്തമായ അധികാരങ്ങള്‍ കര്‍ഷകരുടെ ജീവനും കാര്‍ഷിക വിളകളും സംരക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാരിനെ പഴിചാരുന്ന സ്ഥിരം പല്ലവിയാണ് ഇക്കാര്യത്തിലും മുഖ്യമന്ത്രി പിന്തുടരുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.