വിവാഹാഘോഷത്തിമിർപ്പിൽ പടക്കം പൊട്ടിച്ചു; പിഞ്ചുകുഞ്ഞ് ആശുപത്രിയിൽ
Friday, January 17, 2025 6:08 AM IST
തലശേരി: തൃപ്പങ്ങോട്ടൂരിൽ വിവാഹ ആഘോഷത്തിനിടെ ഉഗ്രസ്ഫോടനശേഷിയുള്ള പടക്കം പൊട്ടിച്ചതിനെത്തുടർന്ന് സമീപത്തെ വീട്ടിലെ നവജാതശിശുവിനു ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായതായി രക്ഷിതാക്കളുടെ പരാതി. തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്-റഫാന ദമ്പതികളുടെ പതിനട്ടു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ സ്ഫോടനശബ്ദം കേട്ട് ഭയന്ന് അപസ്മാരം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃപ്പങ്ങോട്ടൂരിലെ അനോളതിൽ മൂസയുടെ മകൻ മഹറൂഫിന്റെ വിവാഹാഘോഷത്തിനിടെയാണു സംഭവം. വരനെ ആനയിച്ചു കൊണ്ടുവരുന്നതിനിടെ ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കം പൊട്ടിച്ചതാണു കുഞ്ഞിനെ ബാധിച്ചതെന്ന് കുട്ടിയുടെ പിതാവ് അഷറഫ് കൊളവല്ലൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പടക്കം പൊട്ടിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും തുടർച്ചയായി പടക്കം പൊട്ടിക്കുകയായിരുന്നെന്ന് പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയുമായിട്ടായിരുന്നു ഇവരുടെ സമീപത്തെ വീട്ടിൽ വിവാഹാഘോഷം നടന്നത്.
കുട്ടിയുടെ വായിൽനിന്നു നുരയും പതയും വരികയും പൊടുന്നനെ അബോധാവസ്ഥയിലാകുകയുമായിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർ ഡോ. ശ്രീകാന്ത് പറഞ്ഞു.
നേരത്തെ കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും വിവാഹ ആഘോഷം ആഭാസമായി മാറിയത് ബന്ധുക്കൾക്കും നാട്ടുകാർക്കും ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതേത്തുടർന്ന് പലയിടങ്ങളിലും ശക്തമായ ജനകീയ കൂട്ടായ്മ രൂപപ്പെടുകയും പോലീസ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വിവാഹആഘോഷ ആഭാസങ്ങൾ ഏറെക്കുറെ ഇല്ലാതായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇത്തരത്തിലുള്ള ആഭാസങ്ങൾ തിരിച്ചു വരികയാണെന്നത് ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്.