മലയോര ജനതയുടെ ഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാർഹം: മാർ ജോസ് പുളിക്കൽ
Friday, January 17, 2025 6:08 AM IST
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.
മലയോര ജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാർഥ്യ ബോധത്തോടെ നടത്തിയ ചുവടുവെയ്പെന്ന നിലയിൽ പ്രതീക്ഷ നൽകുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയോര മേഖലയിലെ ജനങ്ങളുടെയും ന്യായമായ അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങൾ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല.
കാട്ടിൽ നിന്നെത്തുന്ന വന്യമൃഗങ്ങൾ നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുകയും ജീവനെടുക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് പര്യാപ്തമായ നിലപാടെടുക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കടമയുണ്ട്. മനുഷ്യരുടെ നിലനിൽപ്പിനും അതിജീവനത്തിനുമുള്ള പ്രാധാന്യം ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്തുകൊണ്ടാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.