പതിനഞ്ചുകാരൻ പതിനേഴുകാരനെ തലയ്ക്കടിച്ചു കൊന്നു
സ്വന്തം ലേഖകൻ
Friday, January 17, 2025 6:07 AM IST
വിയ്യൂർ (തൃശൂർ): രാമവർമപുരം സർക്കാർ ചിൽഡ്രൻസ് ഹോമിൽ പതിനേഴുകാരനെ പതിനഞ്ചുകാരൻ തലയ്ക്കടിച്ചു കൊന്നു. ഉത്തർപ്രദേശ് സ്വദേശിയാണു കൊല്ലപ്പെട്ടത്. തളിക്കുളം സ്വദേശിയായ കുട്ടി ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം.
രണ്ടു കുട്ടികളും തമ്മിൽ കഴിഞ്ഞദിവസം രാത്രി തർക്കവും കൈയേറ്റവുമുണ്ടായിരുന്നു. പതിനഞ്ചുകാരന്റെ ചുണ്ടിനു മുറിവേറ്റു. രണ്ടു കെയർടേക്കർമാർ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റി തർക്കം പരിഹരിച്ചതാണ്. എന്നാൽ, ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ രാത്രിയിലെ തർക്കത്തിന്റെ വൈരാഗ്യത്തിൽ പതിനഞ്ചുകാരൻ ഉറങ്ങിക്കിടന്ന പതിനേഴുകാരന്റെ തലയിൽ കരിങ്കല്ല് പൊട്ടിക്കുന്ന ചുറ്റിക ഉപയോഗിച്ച് അടിക്കുകയായിരുന്നു.
തലയോട്ടി പിളർന്നാണു മരണം. ആഴത്തിലുള്ള നാല് മുറിവുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. സമീപത്തുനിന്ന് ആക്സോ ബ്ലേഡും ചുടുകട്ടയും കണ്ടെത്തിയിട്ടുണ്ട്. അക്രമംകണ്ട് ഓടിയെത്തിയ കെയർടേക്കർമാർ ഗുരുതരമായി പരിക്കേറ്റ 17-കാരനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവസ്ഥലം ജില്ലാ കളക്ടറും സിറ്റി പോലീസ് മേധാവിയും സന്ദർശിച്ചു.
വർഷങ്ങൾക്കുമുന്പ് എറണാകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുനടക്കുന്നതുകണ്ട് ശിശുസംരക്ഷണ വകുപ്പാണു മരിച്ച കുട്ടിയെയും അമ്മ മിഥിലേഷ്, മൂത്ത സഹോദരൻ അഥിലേഷ് എന്നിവരെയും എറണാകുളം ശിശുസംരക്ഷണകേന്ദ്രത്തിലെത്തിച്ചത്. അവിടെനിന്നു മൂവരെയും വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി. അമ്മയും ചേട്ടനും 2019 മുതൽ പെരുന്പാവൂരിലെ ബഥനി സ്നേഹാലയം ആശ്രമത്തിലാണ്.
മകൻ മരിച്ചതറിയാതെ അമ്മ
മാനസികാസ്വാസ്ഥ്യമുള്ള അമ്മയും മൂത്ത സഹോദരനും കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കാണാൻ മെഡിക്കൽ കോളജ് മോർച്ചറിയിൽ ഭാരവാഹികൾക്കൊപ്പം എത്തി. മൃതദേഹം കണ്ടെങ്കിലും എന്തിനിവിടെയെത്തിയെന്ന് അമ്മയ്ക്കു മനസിലായില്ല. മകൻ കരയുന്നതുകണ്ടാണ് അറിയാതെ കരഞ്ഞത്. മകൻ മരിച്ച കാര്യം തിരിച്ചറിയാൻപോലും അമ്മയ്ക്കു കഴിഞ്ഞില്ല. തൃശൂർ സിവിൽ ജഡ്ജി കെ.എൻ. മനോജ്, താലൂക്ക് തഹസീൽദാർ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. വിയ്യൂർ എസ്എച്ച്ഒ, വിരലടയാളവിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവരും തെളിവെടുത്തു.
ഭാവഭേദമില്ലാതെ പ്രതി
ഞാൻ തന്നെയാണ് കൊന്നതെന്നു കെയർടേക്കർമാരോടും വിയ്യൂർ പോലീസിനോടും പതിനഞ്ചുകാരൻ പറഞ്ഞു. പറയുന്പോൾ ഭാവഭേദമൊന്നുമില്ലായിരുന്നു. ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ മുഖത്ത് അടിയേറ്റതിന്റെ പാടുകൾ കണ്ടു. പല്ലുതേയ്ക്കുന്പോൾ വേദനയും അനുഭവപ്പെട്ടു. ഇതോടെ കൈയിൽകിട്ടിയ ആയുധവുമായി പതിനേഴുകാരനെ ആക്രമിക്കുകയായിരുന്നു.