വിദ്യാര്‍ഥിരാഷ്ട്രീയം, ഗതാഗതം തടസപ്പെടുത്തി സമ്മേളനം; വടിയെടുത്ത് കോടതി
Tuesday, December 17, 2024 2:10 AM IST
കാന്പസുകളിലെ രാഷ്ട്രീയക്കളികൾ നിരോധിക്കണം
കൊച്ചി: കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയമല്ല, രാഷ്ട്രീയ കളികളാണു നിരോധിക്കേണ്ടതെന്ന് ഹൈക്കോടതി. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തിക്ക് മതം നിരോധിക്കാറില്ല. അതുപോലെ രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ല. എന്നാല്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കാമ്പസുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി റിട്ട. ജീവനക്കാരന് എന്‍. പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം.
കോളജുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ല. രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കാനും അതില്‍ അര്‍ഥപൂര്‍ണമായി ഇടപെടാനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം.
രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും സംസാരിക്കണം, സംവാദങ്ങളില്‍ ഏര്‍പ്പെടണം. എന്നാല്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ദ്രോഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാനാകില്ല.
റോഡിലെ സമ്മേളനത്തിൽ പങ്കെടുത്താൽ കുടുങ്ങും
കൊച്ചി: പൊതുവഴിയില്‍ ഗതാഗതം തടസപ്പെടുത്തി സമ്മേളനം നടത്തിയാല്‍ അതില്‍ പങ്കെടുക്കുന്നവര്കൂടി തിക്തഫലം അനുഭവിക്കണമെന്നു ഹൈക്കോടതി. റോഡ് വാഹനയാത്രകള്‍ക്കും കാല്‍നടക്കാര്‍ക്കും അവകാശമുള്ളതാണെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വഞ്ചിയൂരിലെ സിപിഎം ഏരിയ സമ്മേളനം, സെക്രട്ടേറിയറ്റിനു മുന്നിലെ ജോയിന്റ് കൗണ്‍സില്‍ രാപകല്‍ ധര്‍ണ, കൊച്ചി കോര്‍പറേഷനു മുന്നിലെ കോണ്‍ഗ്രസ് ധര്‍ണ തുടങ്ങിയവ ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മരട് സ്വദേശി എന്‍. പ്രകാശ് നല്കിയ ഹര്‍ജിയിലാണു കോടതി നിരീക്ഷണം. ഹര്‍ജി വീണ്ടും പരിഗണിക്കും.
സ്റ്റേജ് കെട്ടാനായി റോഡ് കുഴിച്ചിട്ടുണ്ടെങ്കില്‍ വിഷയം കൂടുതല്‍ ഗൗരവമാകുമെന്ന് കോടതി വ്യക്തമാക്കി. നേരത്തേ ഫുട്പാത്തുകളിലായിരുന്ന യോഗങ്ങളും പ്രതിഷേധങ്ങളും ഇപ്പോള്‍ നടുറോഡില്‍ വരെ ആയിരിക്കുന്നു. വഞ്ചിയൂര്‍ യോഗത്തിന് അനുമതി ചോദിച്ചു പോലീസിന് സിപിഎം നല്കിയ അപേക്ഷയില്‍ കൃത്യമായ സ്ഥലം പോലും വ്യക്തമാക്കിയിട്ടില്ല. എങ്ങനെയാണ് അപേക്ഷ നല്‍കേണ്ടതെന്ന് അറിയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ബസ് കാത്തുനില്‍ക്കുന്നവര്‍ക്കു നേരേ പോലും അപകടമുണ്ടാകുന്ന സാഹചര്യത്തിലാണു റോഡ് അടച്ച് രാഷ്ട്രീയപാര്‍ട്ടി പരിപാടി സംഘടിപ്പിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
പ്രിന്‍സിപ്പലിന്റെ സമ്മതത്തിനായി പോലീസ് കാത്തിരിക്കേണ്ട
കാമ്പസുകളിലെ അക്രമങ്ങള്‍ക്കെതിരേയും വിദ്യാര്‍ഥിരാഷ്ട്രീയ സംഘടനകളുടെ സമരങ്ങള്‍ മൂലം ക്ലാസുകള്‍ തടസപ്പെടുത്തുന്നതിനെതിരേയും കര്‍ശന നടപടി വേണമെന്നും കോടതി പറഞ്ഞു. കോളജിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പോലീസിന് ഇടപെടാം. ഇതിന് കോളജ് പ്രിന്‍സിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തിൽ വിദ്യാര്‍ഥിക്ക് കുത്തേറ്റു. കോളജ് താത്കാലികമായി അടച്ചിടാനും കാരണമായെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
കാമ്പസുകളിലെ അക്രമരാഷ്ട്രീയം തടയാന്‍ എന്തു ചെയ്യാനാകുമെന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഹര്‍ജി ജനുവരി 23ന് പരിഗണിക്കാന്‍ മാറ്റി.
സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഡിജിപി
കോടതി നിര്‍ദേശപ്രകാരം ഡിജിപി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. പരിപാടികള്‍ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അറിഞ്ഞയുടന്‍ കേസെടുത്തെന്നുമാണ് ഡിജിപിയുടെ വിശദീകരണം. കോടതി ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഇതുസംബന്ധിച്ച് സമഗ്രമായ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു.
വഞ്ചിയൂരിലെ സമ്മേളനത്തിൽ കണ്ടാലറിയാലുന്ന 150 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് എസ്എച്ച്ഒ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിയവരും പട്ടികയിലുണ്ട്. ഡെക്കറേഷന് തൊഴിലാളികളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും എസ്എച്ച്ഒ വ്യക്തമാക്കി.
കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് ധര്‍ണയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എംഎല്‍എ എന്നിവരടക്കം 20 നേതാക്കൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ജോയിന്റ് കൗണ്‍സില്‍ സംഘടനാ നേതാക്കളായ കെ.പി. ഗോപകുമാര്‍, ജയചന്ദ്രന് കല്ലിങ്കല്‍ എന്നിവരടക്കം പത്തു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണു സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പോലീസ് എഫ്ഐആര്‍.