മഴയിൽ ഞാറ്റടി നശിച്ചു; കൃഷി പ്രതിസന്ധിയിൽ
1484887
Friday, December 6, 2024 5:58 AM IST
പുന്നയൂർക്കുളം: പരൂർ കോൾപടവിൽ കഴിഞ്ഞദിവസങ്ങളിലായിപെയ്ത കനത്ത മഴയിൽ ഞാറ്റടി വ്യാപകമായി നശിച്ചു. പടവിലെ 650 ഏക്കറോളം ഭാഗത്ത് നടീലിനു തയാറാക്കിയ ഞാറ്റടിയാണ് പൂർണമായും നശിച്ചത്.
രണ്ടുമുതൽ പത്തുദിവസം വരെയുള്ള ഞാറ്റടികളാണ് നശിച്ചത്. പടവിലെ പമ്പിംഗ് നടത്തുന്ന മൂന്നു മോട്ടോറുകൾക്കും മഴയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പടവിലെ ഉയർന്ന ഭാഗങ്ങളിൽ ചണ്ടി നീക്കലും നിലമൊരുക്കലും ആരംഭിച്ചിരുന്നു.
എന്നാൽ മഴയും നൂറടിത്തോട് നിറഞ്ഞ് ബണ്ടിനു മുകളിലൂടെ വെള്ളം പാടത്തേക്ക് ഒഴുകിയതും പുഞ്ചകൃഷി പ്രതിസന്ധിയിലാക്കി. പടവ് പൂർണമായും മുങ്ങിയിരിക്കുകയാണ്. വെള്ളംവറ്റിച്ച് പടവിൽ കൃഷിയിറക്കാൻ ആഴ്ചകൾ കഴിയും. ഇതിനായി വൻ തുക ചെലവാകും. ഇതു കർഷകർക്ക് കനത്ത സാമ്പത്തികനഷ്ടമുണ്ടാക്കും. ഇതിനിടെ പുന്നയൂർക്കുളം, ചെറായി മേഖലയിൽ മുണ്ടൻ കൃഷി മഴയിൽ വെള്ളത്തിലായി. അയിരൂർ, കുട്ടാടം പാടശേഖരം, ഈച്ചിത്തറ നെൽപാടങ്ങൾ പൂർണമായും വെള്ളത്തിലായി. വെളിയക്കോട് ചീപ്പ് നിർമാണത്തിന് കനോലികനാൽ അടച്ചിരിക്കുകയാണ് ഇതിനിടയിലാണ് അപ്രതീക്ഷിത മഴ.
കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തുമെന്ന് പടവ് കമ്മിറ്റി സെക്രട്ടറി എ.ടി. അബ്ദുൽ ജബാർ പറഞ്ഞു.