ചിറങ്ങരയിലെ അടിപ്പാത നിർമാണം ജനം തടഞ്ഞു
1484684
Thursday, December 5, 2024 8:11 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങര സിഗ്നൽ ജംഗ്ഷനിൽ പുരോഗമിക്കുന്ന നിർമാണപ്രവൃത്തികൾ പൊതുജനം തടഞ്ഞു. അടിപ്പാതയുടെയും കാനകളുടെയും നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും വികസന പ്രക്രിയയിൽ നാടിന്റെ പ്രാദേശിക വികാരംകൂടി മാനിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജനം തെരുവിലിറങ്ങിയത്. അടിപ്പാതയുടെ ഉയരം അഞ്ചര മീറ്റർ ആക്കി ഉയർത്തണമെന്നും ബെൽ മൗത്ത് വേണമെന്നും സ്വാഭാവികനീരൊഴുക്ക് സാധ്യമാക്കും വിധം ഡ്രൈയ്നേജ് നിർമിക്കണമെന്നും സമരക്കാർ ആവശ്യപ്പെ ട്ടു. പൊങ്ങം മുതൽ മുരിങ്ങൂർ വരെ ദേശീയപാതയുടെ ഇരുഭാഗങ്ങളിലും സർവീസ് റോഡ് പൂർത്തീകരിച്ചതിനുശേഷം മാത്രം അടിപ്പാതനിർമാണം പുനരാരംഭിച്ചാൽ മതിയെന്നും ആവശ്യമുയർന്നു.
ഇന്നലെ രാവിലെ 11ന് ബിജെപി പ്രാദേശിക ഘടകമാണ് ആദ്യം സമരവുമായി രംഗത്തുവന്നത്. തുടർന്ന് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും പഞ്ചായത്ത് ജനപ്രതിനിധികളും പ്രതിഷേധവുമായെത്തി. പ്രദേശവാസികളും പിന്തുണയുമായി രംഗത്തുവന്നതോടെ തൊഴിലാളികൾക്ക് നിർമാണം നിർത്തിവയ്ക്കേണ്ടിവന്നു. തുടർന്ന് നാഷണൽ ഹൈവേ അഥോറിറ്റി അധികൃതരും നിർമാണക്കമ്പനി പ്രതിനിധികളും അനുരഞ്ജനത്തിനായി സ്ഥലത്തെത്തി. പ്രതിഷേധക്കാർ വഴങ്ങിയില്ലെന്നുമാത്രമല്ല ഏറെ നേരത്തെ വാഗ്വാദങ്ങൾക്കും ചിറങ്ങര ജംഗ്ഷൻ സാക്ഷ്യം വഹിച്ചു.
അടിപ്പാതയുടെ ഒരു വശത്തെ ഉയരം നാലരമീറ്ററും മറുവശത്തെ ഉയരം അഞ്ചു മീറ്ററും ഉണ്ടെന്നാണ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ അഞ്ചു മീറ്റർ ഉയരം കടന്നുവരുന്ന വാഹനം നാലര മീറ്റർ കടക്കുന്നതെങ്ങനെയെന്നായിരുന്നു മറുചോദ്യം. നിലവിലെ കരാർപ്രകാരമുള്ള നിർമാണങ്ങൾമാത്രമേ തങ്ങൾക്കു ചെയ്യാൻ നിർവാഹമുള്ളൂവെന്നും പുതിയ പ്രോജക്ട് തയാറാക്കി അംഗീകാരം ലഭിച്ചാൽമാത്രമേ മറ്റുള്ള പ്രവൃത്തികൾ സാധ്യമാകുവെന്ന നിലപാടിലാണ് കരാർകമ്പനി.
എന്നാൽ നാടിന്റെ ആവശ്യവും ഭാവിയും മനസിലാക്കി, പ്രാദേശികവികാരം മാനിച്ചുള്ള വികസനമാണ് വേണ്ടതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
നിർമാണംനടക്കുന്ന അടിപ്പാതയുടെ ഭിത്തിയിൽ ബിജെപി പ്രവർത്തകർ കൊടിനാട്ടി. ബിജെ പി നേതാക്കളായ പി.ജി. സത്യപാലൻ, ടി.എസ്. മുകേഷ്, ജെയ്ജൂ, പ്രവീൺ, ഗ്രാമപഞ്ചായത്തിലെ സിപി എം ജനപ്രതിനിധികളായ കെ.ആർ. സുമേഷ്, ലിജോ ജോസ്, പി.എസ്. സുമേഷ്, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, എം.ഡി.പോൾ, വർഗീസ് പൈനാടത്ത്, പൊതുപ്രവർത്തകരായ ഷോജി അഗസ്റ്റിൻ, സിബി കൊടിയപ്പാടൻ, കെ.എ. റപ്പായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
ദേശീയപാതവികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധസമരങ്ങൾ കൊരട്ടിക്കും മുരിങ്ങൂരിനും പിന്നാലെ ചിറങ്ങരയിലും ഉയർന്നുവരികയാണ്.
സർവകക്ഷിയോഗം
ഇന്ന്
കൊരട്ടി: ചിറങ്ങരയിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന ആശങ്കകളും, പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സർവകക്ഷി യോഗം ഇന്നുരാവിലെ 10.30ന് പത്മശ്രീ കുഴൂർ നാരായണ മാരാർ സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി, സന്നദ്ധ സംഘടന, മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.