അന്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു
1484406
Wednesday, December 4, 2024 6:46 AM IST
ഒളരി: ശക്തമായ മഴയിൽ ഒളരിയിൽ നിർമാണം നടന്നുകൊണ്ടിരുന്ന അന്പാടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നുവീണു. എട്ടുമീറ്ററോളം വരുന്ന ഭിത്തി ഇടിഞ്ഞു കുളത്തിലേക്കു വീഴുകയായിരുന്നു.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ വകയിരുത്തി ഈ സാന്പത്തികവർഷം ഉദ്ഘാടനം നടത്താൻ ഒരുങ്ങിയ കുളത്തിന്റെ ഭിത്തിയാണ് വീണത്. പൊതുവെ താഴ്ന്ന പ്രദേശമായ ഇവിടെ കുളത്തിലേക്ക് അഴുക്കുവെള്ളം പടരാതിരിക്കാൻ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന വിടവുകളിൽ മണ്ണിട്ട് ഉറപ്പിച്ചിരുന്നു. ഇതിൽ വെള്ളം ഇറങ്ങി ശക്തിയായി കുത്തിയൊലിച്ച് വെള്ളം തള്ളിയതാകാം ഭിത്തി ഇടിയാൻ കാരണമായതെന്നാണ് പ്രാഥമികനിഗമനം.
പ്രദേശത്തുതന്നെയുള്ള വലിയ ജലസംഭരണിയാണിത്. നിരവധിപ്പേർ കുളിക്കാനും അലക്കാനും പതിവായി ഇവിടെ എത്താറുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും കോർപറേഷന്റെ ഹാളിലേക്കും വരുന്നവരുടെ വാഹങ്ങൾ പാർക്ക് ചെയ്യുന്നതിനു സമീപമുള്ള ഭിത്തിയാണ് തകർന്നത്. സംഭവസമയത്തു പ്രദേശത്ത് ആളുകളോ വാഹനങ്ങളോ ഇല്ലാത്തതിനാൽ വൻഅപകടമാണ് ഒഴിവായത്.
നിലവിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കോർപറേഷൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിവിഷൻ കൗണ്‍സിലർ സജിത ഷിബു, കോർപറേഷൻ സെക്രട്ടറി, എൻജിനീയർ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. മഴ മാറിയാൽ ഉടൻ തകർന്ന ഭാഗം പുനർനിർമിക്കുമെന്നും അതു കരാറുകാരൻ ഉറപ്പുനൽകിയതായും കൗണ്‍സിലർ അറിയിച്ചു.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുനടത്തിയ നവീകരണപ്രവർത്തനങ്ങളിലെ അഴിമതിയാണ് ഭിത്തി ഇടിഞ്ഞുവീണത്തിലൂടെ വ്യക്തമായതെന്നും സംഭവത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്ഥലം സന്ദർശിച്ച ബിജെപി ഒളരി ഏരിയ പ്രസിഡന്റ് ബൈജു ചെറ്റുപുഴ, ജനറൽ സെക്രട്ടറി കെ.ജി. സന്തോഷ്, സലേഷ് ധർമൻ എന്നിവർ അറിയിച്ചു.