ഏനാമാവ് താത്കാലിക വളയംബണ്ടിന്റെ ഒരു ഭാഗം ഒലിച്ചുപോയി
1484099
Tuesday, December 3, 2024 7:09 AM IST
ഏനാമാവ്: റെഗുലേറ്ററിന്റെ മുൻവശത്തായി നിർമാണം നടന്നുകൊണ്ടിരുന്ന താത്കാലിക വളയം ബണ്ടിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ശക്തമായ മഴയെ ത്തുടർന്ന് ഫേസ് കനാലിൽ ജലനിരപ്പ് ഉയർന്നതോടെ ഏനാമാവ് റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾ തുറന്നിരുന്നു. ഇതോടെ പുഴയിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി. ഉച്ചതിരിഞ്ഞ് മൂന്നരയോടെ താത്കാലിക വളയം ബണ്ടിന്റെ മധ്യഭാഗം തള്ളി പ്പോകുകയായിരുന്നു. വളയംബണ്ടിന്റെ നിർമാണം പൂർത്തിയായിരുന്നില്ല.
പുഴയിൽ മുളങ്കുറ്റികൾ അടിച്ചിരുന്നെങ്കിലും ഇരുവശങ്ങളിൽ മാത്രമേ പനമ്പായകൾവെച്ച് മണ്ണിട്ട് ഉറപ്പിച്ചിരുന്നുള്ളൂ. മണ്ണിടാത്ത മധ്യഭാഗമാണു ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയത്. റെഗുലേറ്ററിനു സമീപമുള്ള തെക്കേ കോഞ്ചിറ, വടക്കേ കോഞ്ചിറ, പടിഞ്ഞാറെ കരിമ്പാടം തുടങ്ങിയ പാടശേഖരങ്ങളിൽ കനത്ത മഴയെത്തുടർന്ന് കനാൽ ബണ്ടുകൾ കവിഞ്ഞ് വെള്ളം പാടത്തേക്ക് ഒഴുകുകയാണ്. കനാൽ ബണ്ടിൽ കഴ വീഴുമോ എന്ന ഭീതിയിലാണ് നെൽകർഷകർ.
വെങ്കിടങ്ങ് സെന്ററിലെ
കടകളിൽ വെള്ളം കയറി
വെങ്കിടങ്ങ്: കനത്ത മഴയെത്തുടർന്ന് വെങ്കിടങ്ങ് സെന്ററിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ പത്തോളം കടകളിലാണു വെള്ളം കയറിയത്. പുതുമരാമത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരും ദുരിതത്തിലായി. പല ഇരുചക്ര വാഹനങ്ങളും തകരാറിലായി.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വെങ്കിടങ്ങ് സെന്ററിൽ കഴിഞ്ഞവർഷം കൾവർട്ട് നിർമാണവും കാനനിർമാണവും പൂർത്തിയാക്കിയിരുന്നുവെങ്കിലും അശാസ്ത്രീയമായ കൾവർട്ട് നിർമാണംമൂലമാണ് ഇപ്പോൾ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് കൾവർട്ട് നിർമിച്ചെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ആമ്പല്ലൂരും
വെള്ളക്കെട്ടിൽ
ആമ്പല്ലൂർ: ഒറ്റദിവസത്തെ മഴയിൽ ആമ്പല്ലൂർ സെന്ററിൽ വെള്ളക്കെട്ട് രൂക്ഷം. ആമ്പല്ലൂരിലെ അടിപാത നിര്‍മാണവും അതിനോടനുബന്ധിച്ചുള്ള ടാറിംഗ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതുമാണ് വെള്ളക്കെട്ടിന് കാരണമായത്.
പുതുതായി വീതികൂട്ടി ടാര്‍ ചെയ്ത സര്‍വീസ് റോഡും മഴയെത്തുടര്‍ന്ന് തകര്‍ന്നു. ഹൈവേയോടു ചേര്‍ന്നുള്ള ഡ്രൈനേജിൽ അടിഞ്ഞുകൂടിയ മാലിന്യക്കൾ നീക്കം ചെയ്ത് വൃത്തിയാക്കാത്തതും വെള്ളക്കെട്ട് ഉണ്ടാകുവാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
നെന്മണിക്കര റോഡ് മുതല്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് വരെയും വെള്ളം കെട്ടിനിന്ന് ചെറുവാഹനങ്ങളെയും ഇരു ചക്രവാഹന യാത്രികരെയും വലയ്ക്കുന്നുണ്ട്.