വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി ആത്മീയയാത്ര "പ്രയാണം'
1484097
Tuesday, December 3, 2024 7:09 AM IST
കൊടുങ്ങല്ലൂർ: കുടുംബങ്ങൾക്കും യുവതീയുവാക്കൾക്കും കുട്ടികൾക്കുമായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ഈ വർഷം സിഎംഐ ദേവമാത തൃശൂർ പ്രവിശ്യയുടെ അജപാലനവകുപ്പും അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർഥകേന്ദ്രവും ചേർന്ന് ഭാരതത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകളുമായി കേരളത്തിലെ വിവിധ രൂപതകളിലെ ദേവാലയങ്ങളിലേക്കും ആധ്യാത്മികകേന്ദ്രങ്ങളിലേക്കും പ്രയാണം എന്ന പേരിൽ ആത്മീയയാത്ര ഒരുക്കുന്നു.
ഭാരതത്തിലെ വിശുദ്ധരോടൊത്തു ജീവിതങ്ങളെ വിശുദ്ധമാക്കാനുള്ള ഒരു ഉണർത്തുപാട്ടാകും പ്രയാണമെന്നു സംഘാടകർ പറഞ്ഞു. പ്രയാണത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും തിരുശേഷിപ്പ് വെഞ്ചരിപ്പും പ്രയാണയാത്രാവാഹനത്തിന്റെ വെഞ്ചരിപ്പും ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ കൊടുങ്ങല്ലൂർ സെന്റ് മേരീസ് ദേവാലയാങ്കണത്തിൽ നിർവഹിച്ചു.
ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ അല്‍ഫോൻസാമ്മയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ മദര്‍ തെരേസയുടെയും വിശുദ്ധ മറിയം ത്രേസ്യയുടെയും വിശുദ്ധ ദേവസഹായത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും വാഴ്ത്തപ്പെട്ട റാണിമരിയയുടെയും തിരുശേഷിപ്പുകള്‍ വഹിച്ചുകൊണ്ടുള്ള പ്രയാണം വിവിധ രൂപതകളിലേക്കും സ്ഥാപനങ്ങളിലേക്കും ആത്മീയകേന്ദ്രങ്ങളിലേക്കും നടത്തും. ഈ വിശുദ്ധരോടൊന്നിച്ച് വിശുദ്ധി കാത്ത് ക്രിസ്തീയസാക്ഷ്യങ്ങളിലൂടെ ദൈവജനത്തെ പ്രബുദ്ധരാക്കാനും വിശ്വാസജീവിതത്തെ ആഴപ്പെടുത്തുവാനും ഈ ആത്മീയ ഉണര്‍ത്തുയാത്ര സഹായകമാകുംവിധമാണ് പ്രയാണം 2024-25 ക്രമീകരിച്ചിട്ടുള്ളത്.