വഖഫിലെ പ്രശ്നങ്ങൾ നിയമനിർമാണത്തിലൂടെ പരിഹരിക്കണം: മാർ ആൻഡ്രൂസ് താഴത്ത്
1484095
Tuesday, December 3, 2024 7:09 AM IST
തൃശൂർ: കത്തോലിക്ക കോണ്ഗ്രസ് തൃശൂർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ "വഖഫ് നിയമങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ ഫാമിലി അപ്പസ്തൊലേറ്റിൽ സെമിനാർ നടത്തി. അതിരൂപത ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമത്തിലെ പ്രശ്നങ്ങൾ നിയമനിർമാണത്തിലൂടെ പരിഹരിക്കണമെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
തൃശൂർ ജില്ലയിലെ 2019 ആധാരങ്ങളിൽ നൂറെണ്ണത്തിനുമാത്രമാണു വഖഫിന്റേതെന്നു തെളിയിക്കുന്ന കൃത്യമായ രേഖകളുള്ളതെന്നു വഖഫ് വെബ്സൈറ്റിൽ പറയുന്നു. ബാക്കി രണ്ടായിരം ആധാരങ്ങളുടെ രേഖകളില്ലെന്നത് ആശങ്കയുളവാക്കുന്നെന്ന് "വഖഫ് നിയമങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രസംഗിച്ച കെസിബിസി ബൈബിൾ കമ്മീഷൻ മുൻസെക്രട്ടറി റവ.ഡോ. ജോഷി മയ്യാറ്റിൽ പറഞ്ഞു.
കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാൻസിസ് ചർച്ച നയിച്ചു. വർഷങ്ങളായി കരമടയ്ക്കുന്ന ഭൂമിയിൽ വഖഫിന് അവകാശമുന്നയിക്കാൻ കഴിയാത്തതരത്തിൽ നിയമപരിരക്ഷ ഉറപ്പാക്കുന്ന വകുപ്പുകൂടി പരിഷ്കരണ ബില്ലിൽ ഉൾപ്പെടുത്തണമെന്നും മുൻകാലപ്രാബല്യം നൽകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതിരൂപത കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ, അസി. ഡയറക്ടർ ഫാ. ജിൻസൻ ചിരിയങ്കണ്ടത്ത്, ഭാരവാഹികളായ റോണി അഗസ്റ്റിൻ, അഡ്വ. ബൈജു എം. ജോസഫ്, ലീല വർഗീസ്, ആന്റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ പ്രസംഗിച്ചു.
വിവിധ ഫോറങ്ങളുടെ ഔദ്യോഗികപ്രഖ്യാപനം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.