കുന്നംകുളം സർവ "കലാശാല'
1484094
Tuesday, December 3, 2024 7:09 AM IST
റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്നു തുടക്കം
എം. ബിജുബാൽ
കുന്നംകുളം: കലയുടെ കാൽച്ചിലന്പണിഞ്ഞുകഴിഞ്ഞു കുന്നംകുളം. നാലു രാപ്പകലുകൾ കുന്നംകുളം സർവ"കലാശാല'യാവുകയാണ്. ഇന്ന് ആരംഭിക്കുന്ന തൃശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സ്റ്റേജിതരമത്സരങ്ങൾക്കൊപ്പം സ്റ്റേജ് മത്സരങ്ങൾക്കും ഇന്നു തുടക്കമാവും. ആദിവാസിനൃത്തങ്ങൾകൂടി ഉൾപ്പെടുത്തി അഞ്ച് പുതിയ ഇനങ്ങൾകൂടി ഇത്തവണ മത്സരത്തിൽ ഉണ്ടാകും.
നാളെ കലോത്സവമില്ല. അഞ്ച്, ആറ്, ഏഴ് തീയതികളിൽ മത്സരങ്ങൾ തുടരും. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി എണ്ണായിരത്തോളം വിദ്യാർഥികൾ തങ്ങളുടെ കലാമികവ് പ്രകടമാക്കാൻ കുന്നംകുളത്തെത്തും.
തൃശൂരിൽ ഇന്നലെമുതൽ പെയ്യുന്ന കനത്ത മഴ കലോത്സവത്തിനു ഭീഷണിയായിട്ടുണ്ട്.
സ്വർണക്കപ്പ് ഇന്നെത്തും
വിജയികൾക്കുള്ള സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നുച്ചകഴിഞ്ഞു മൂന്നിന് കുന്നംകുളത്ത് എത്തിച്ചേരും. വിവിധ സ്കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം കുന്നംകുളം ബോയ്സ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സ്വർണക്കപ്പ് ഏറ്റുവാങ്ങും. ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പങ്കെടുക്കും.
സാംസ്കാരിക ഘോഷയാത്ര ഇന്നു വൈകീട്ട് മൂന്നിന് കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂളിൽ ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ ഫ്ളാഗ്ഓഫ് ചെയ്യും. സാംസ്കാരികനായകരും വിവിധ സന്നദ്ധസംഘടനകളും ഘോഷയാത്രയിൽ അണിചേരും.
കലോത്സവത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30 ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവർ സംബന്ധിക്കും.
പതിനേഴു വേദികൾ
ഗവ. മോഡൽ ബോയ്സ് സ്കൂളിലാണ് കലോത്സവത്തിന്റെ പ്രധാന വേദി ഉൾപ്പടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മീഡിയ പവലിയനുകൾ, പ്രോഗ്രാം, ട്രോഫി കമ്മിറ്റികളും ഇവിടെയാണ്. നഗരസഭ ടൗണ്ഹാൾ, ബഥനി സ്കൂൾ എന്നിവയും പ്രധാന വേദികളിൽ ഉൾപ്പെടും. 17 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിട്ടുള്ളത്. വൈഎംസിഎ ഹാളിലാണ് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ.
ഏഴിനു വൈകീട്ട് ആറിനു സമാപനസമ്മേളനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.
നിറംകെടുത്തുമോ മഴ
കുന്നംകുളം: ഇന്നലെ ഉച്ചമുതൽ ആരംഭിച്ച മഴ കലോത്സവത്തിന്റെ നിറം കെടുത്തുമോ? ആശങ്കയിലാണ് സംഘാടകർ. ഇന്നലെ വൈകുന്നേരത്തോടെ മഴ ശക്തിപ്രാപിച്ചതിനാൽ പല മുന്നൊരുക്കങ്ങളും കൃത്യമായി നടത്താനാകാതെ വിഷമിക്കുകയാണ് അവർ.
ഭൂരിഭാഗം വേദികളും സ്കൂൾഹാളുകളിലാണ്. ഭക്ഷണവിതരണകേന്ദ്രമായ വൈഎംസിഎ ഹാളിനോടുചേർന്നു പ്രത്യേക പന്തൽ ഒരുക്കിയിരുന്നു. കനത്ത മഴയെതുടർന്ന് ഇവിടത്തെ മണ്ണുള്ള ഭാഗത്തു ചെളിനിറഞ്ഞു. മഴ ഇന്നും ഇതുപോലെ തുടരുകയാണെങ്കിൽ ഭക്ഷണവിതരണം താറുമാറാകും. പകരം സംവിധാനവും സംഘാടകർ ആലോചിക്കുന്നുണ്ട്.
പാചകപ്പുര ഉണർന്നു
കുന്നംകുളം: ജില്ലാ കലോത്സവത്തിനായി പാചകപ്പുരയും ഉണർന്നു. കുന്നംകുളം ചിറളയത്തെ വൈഎംസിഎ ഹാളിലാണ് പാചകപ്പുരയും ഭക്ഷണവിതരണവും ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും അയ്യായിരത്തോളം പേർക്കാണ് ഭക്ഷണം ഒരുക്കിനൽകുക. എല്ലാ ദിവസവും പായസത്തോടെ വിഭവസമൃദ്ധമായ ഭക്ഷണമാണ് നൽകാൻ ഉദ്ദേശിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട സ്വദേശിയായ മധു നന്തിപുലത്തിനാണ് ഊട്ടുപുരയുടെ ചുമതല. ഇന്നലെ എ.സി. മൊയ്തീൻ എംഎൽഎ കലോത്സവ ഊട്ടുപുരയിലെ പാലുകാച്ചൽകർമം നിർവഹിച്ചു. നഗരസഭാ കൗൺസിലർ ബിജു സി. ബേബി ചെയർമാനും കെ.എസ്. സുഹൈർ കൺവീനറുമായുള്ള കമ്മിറ്റിക്കാണ് ഭക്ഷണത്തിന്റെ ചുമതല.
ഫോട്ടോഗ്രാഫി മത്സരം
കുന്നംകുളം: ജില്ലാ കലോത്സവത്തിൽ കലാമത്സരങ്ങൾ കാണുവാൻ എത്തുന്നവർക്കു മീഡിയ കമ്മിറ്റി ഒരുക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലും പങ്കെടുക്കാം. ഓരോ ആസ്വാദകർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. കലോത്സവവേദിയിലെ സുന്ദരനിമിഷങ്ങൾ മൊബൈലിൽ പകർത്തി 9946115257 നമ്പറിലേക്ക് അയയ്ക്കുക. മനോഹരമായ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മികച്ച ചിത്രത്തിനു (ഗ്രൂപ്പ് ഫോട്ടോകൾക്കു മുൻഗണന) സമ്മാനവും നൽകും.
ഇന്നു
വേദിയിൽ
ആദ്യദിനമായ ഇന്ന് ഹയർസെക്കൻഡറി വിഭാഗം കോൽക്കളി, ഒപ്പന, ഭരതനാട്യം, മൂകാഭിനയം, നാടകം, വട്ടപ്പാട്ട്, ദഫ്മുട്ട്, നാടോടിനൃത്തം, സംഘനൃത്തം, കുച്ചിപ്പുടി, കേരളനടനം ഉൾപ്പെടെയുള്ള സ്റ്റേജ് ഇനങ്ങൾ വിവിധ വേദികളിലായി അരങ്ങേറും.