കേന്ദ്രീയ ഭവനിൽ ബോംബു ഭീഷണി
1544961
Thursday, April 24, 2025 3:59 AM IST
കാക്കനാട്: കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി. കേന്ദ്രീയ ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പെട്രോളിയം എക്സ്പ്ലോസീവ്സ് വിഭാഗം മേധാവിയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞദിവസം ഹൈക്കോടതിയിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച അതേ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം വന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിവരം ലഭിച്ചതിനെ തുടർന്ന് ഇൻഫോപാർക്ക് പോലീസിന്റെയും സിഐഎസ്എഫിന്റെയും നേതൃത്വത്തിൽ കേന്ദ്രീയഭവനിൽ പരിശോധന നടത്തി. ഇരുവിഭാഗത്തിന്റെയും ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 27 ഓളം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ് കേന്ദ്രീയ ഭവനിൽ പ്രവർത്തിക്കുന്നത്.
ബോംബ് ഭീഷണിയെ തുടർന്ന് എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. ഓഫീസിന് അവധി നൽകി. രാവിലെ ഒന്പതിന് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഓഫീസർ ഡോ. എസ്.കെ. ദീക്ഷിതിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ലഹരിക്കേസിൽ പിടിക്കപ്പെട്ടവരെ മോചിപ്പില്ലെങ്കിൽ കേന്ദ്രീയഭവൻ ബോംബ് വച്ചു തകർക്കും എന്നായിരുന്നു ഭീഷണി.