ആരോരുമില്ലാത്തവർക്ക് ആശ്രയമായി നിത്യസഹായകന്റെ അമ്മവീട്
1546002
Sunday, April 27, 2025 7:05 AM IST
കടുത്തുരുത്തി: ആരോരുമില്ലാത്ത രോഗികള്‍ക്കും വയോധികര്‍ക്കും താങ്ങും തണലുമായി നിത്യസഹായകന്റെ അമ്മവീടും പ്രവര്‍ത്തകരും. വര്‍ഷങ്ങളായി നിത്യസഹായകന്റെ അമ്മവീട്ടില്‍ അഗതികളെയും രോഗികളെയും പരിപാലിക്കുകയാണ് കാട്ടാമ്പാക്ക് സ്വദേശിയായ സിന്ധുവെന്ന വീട്ടമ്മയും കുടുംബവും.
വയോധികരായ 19 അമ്മമാരെയാണ് സിന്ധുവിന്റെ നേതൃത്വത്തില്‍ നിത്യസഹായകന്റെ അമ്മവീട്ടില്‍ പരിചരിക്കുന്നത്. അന്തേവാസികള്‍ ഉള്‍പ്പെടെ 27 പേരാണ് അമ്മവീട്ടിലുള്ളത്. ആരും സംരക്ഷിക്കാനില്ലാത്ത 19 അമ്മമാരെയാണ് സ്വന്തം വീട്ടില്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നത്.
സുമനസുകള്‍ നല്കുന്ന സഹായം സ്വീകരിച്ചാണ് നിത്യസഹായകന്റെയും അമ്മവീടിന്റെയും പ്രവര്‍ത്തനം. റെഡ്ക്രോസിന്റെ നഴ്സിംഗ് പരിശീലനവും പാലിയേറ്റീവ് കെയര്‍ പരിശീലനവും പൂര്ത്തിയാക്കിയിട്ടുള്ളയാളാണ് സിന്ധു. ജീവകാരുണ്യ പ്രവര്‍ത്തകനായ കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിത്യസഹായകന് നേതൃത്വം നല്കുന്ന തൈക്കൂട്ടത്തില്‍ അനില്‍ ജോസഫിന്റെ ഭാര്യയാണ് സിന്ധു.
60 വയസിന് മുകളിലുള്ളവരും നടക്കാന്‍ കഴിയാത്ത കിടപ്പുരോഗികളും ചികില്‍സ ആവശ്യമുള്ളവരും അമ്മവീട്ടില്‍ ലഭിക്കുന്ന ശുശ്രൂഷയില്‍ സന്തോഷവതികളാണ്. ഏഴു വര്‍ഷം മുമ്പാണ് വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ ആരും നോക്കാനില്ലാത്ത അമ്മമാരെ താമസിപ്പിച്ചുതുടങ്ങിയത്. നിത്യസഹായകന്റെ അമ്മ വീട് എന്ന പേരും ഇവര്‍ താമസിക്കുന്ന സ്നേഹഭവനത്തിന് നല്കി.
മക്കളും ബന്ധുക്കളുമൊക്കെ ഉണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ് ഇവിടെയുള്ളവര്‍. അവശരായി ഇവിടേക്ക് എത്തുന്നവര്‍ ശരിയായ പരിചരണവും ഭക്ഷണവും സ്നേഹവും കിട്ടുന്നതോടെ ഊര്‍ജസ്വലരാകും. പലര്‍ക്കും വീടുകളിലേക്കും ബന്ധുക്കളുടെ അരികിലേക്കും മടങ്ങിപ്പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇവരെ തിരക്കി ആരും എത്താറില്ലെന്ന് അമ്മവീട് പ്രവര്‍ത്തകര്‍ പറയുന്നു.
മരണം അറിയിച്ചാല്‍ പഞ്ചായത്ത് മെംബര്‍മാരുടെ ഉത്തരവാദിത്വത്തില്‍ ബന്ധുക്കള്‍ മൃതശരീരം കൊണ്ടുപോകും. ആരും എത്തിയില്ലെങ്കില്‍ സിന്ധുവും ഭര്‍ത്താവ് അനിലും ചേര്‍ന്ന് സംസ്കാര കര്‍മങ്ങള്‍ നടത്തും.
ഭര്‍ത്താവ് അനിലും മക്കളും അയല്‍വാസികളായ സുരേന്ദ്രന്, ജയശ്രീ എന്നിവരുമാണ് അമ്മമാരെ സംരക്ഷിക്കാനും ഭക്ഷണം നല്കാനുമായി സിന്ധുവിനൊപ്പമുള്ളത്. ഉഴവൂര്‍,വൈക്കം, കുറവിലങ്ങാട്, കൂടല്ലൂര്‍ ഗവണ്മെന്റ് ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഞീഴൂര്‍ സഞ്ജീവനി ഭിന്നശേഷി കൂട്ടികളുടെ സ്കൂളിലും സൗജന്യമായി ഭക്ഷണം നല്‍കുന്നത് നിത്യസഹായകന്റെ അമ്മവീടിന്റെ അടുക്കളയില്‍നിന്നാണ്.