ഡ്രൈവിംഗ് വിത്ത് ഡിസിപ്ലിൻ: സ്വകാര്യ ബസ് ജീവനക്കാർക്കായുള്ള ശില്പശാല പൂര്‍ത്തിയായി
1545458
Friday, April 25, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: ഡ്രൈവിംഗ് വിത്ത് ഡിസിപ്ലിൻ, ഒരു സുരക്ഷിത റോഡ് യാത്രയ്ക്കായുള്ള സംയുക്ത ശ്രമം എന്ന പേരിൽ സ്വകാര്യ ബസ് ജീവനക്കാർക്കായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഏകദിന ശില്പശാല നടത്തി.
കോട്ടയം ആർടിഒ കെ. അജിത് കുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർടിഒ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. അമൽജ്യോതി ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിഭാഗം അധ്യക്ഷൻ ഡോ. ജെ.പി. അജിത് കുമാർ, സ്റ്റാഫ് കോ-ഓർഡിനേറ്റർ അരുണ്‍ തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
എംവിഐ ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിഭാഗമാണ് ശില്പശാല ക്രമീകരിച്ചത്.
കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും സഹകരണത്തിലുമാണ് ശില്പശാല നടത്തിയത്.
നൂറിലധികം സ്വകാര്യ ബസ് ജീവനക്കാർ പങ്കെടുത്തു. റോഡ് സുരക്ഷ, നിയമങ്ങൾ, യാത്രക്കാരുമായി ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ജാഗ്രതയും ഉത്തരവാദിത്വവും ഉയർത്തിയായിരുന്നു പരിശീലനം.