മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന്
1545451
Friday, April 25, 2025 11:53 PM IST
പാലാ: മുപ്പതു വര്‍ഷമായി പാലായിലെയും മീനച്ചില്‍ താലൂക്കിലെയും കലാ-സാംസ്കാരിക മേഖലകളില്‍ നിറഞ്ഞ് നില്ക്കുന്ന ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മറ്റ് കൂട്ടായ്മകള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്യംനിന്നു കൊണ്ടിരിക്കുന്ന കലകളെ സമൂഹമധ്യത്തില്‍ എത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പോലുള്ള കൂട്ടായ്മകള്‍ക്ക് ജനങ്ങള്‍ കൂടുതല്‍ പ്രോത്സാഹനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മൈലാടൂര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ബൈജു കൊല്ലംപറമ്പില്‍, കെ.കെ. രാജന്, ഷിബു തെക്കേമറ്റം, വി.എം. അബ്ദുള്ള ഖാന്, ഉണ്ണി കുളപ്പുറം, ബേബി വലിയകുന്നത്ത്, ഐഷാ ജഗദീഷ്, വിജി ആര്. നായര്‍, വിനയകുമാര്‍ മാനസ, ജോണി വെട്ടിക്കുഴിച്ചാലില്‍, മോനി വി. ആദ്കുഴി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ പരിപാടി അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിച്ച അനന്തരം എന്ന നാടകം അരങ്ങേറി.