ടാങ്കർ ലോറി കുഴിയിൽ വീണു; വൻ അപകടം ഒഴിവായി
1545693
Saturday, April 26, 2025 7:00 AM IST
കടുത്തുരുത്തി: കയറ്റം കയറുന്നതിനിടെ നിര്‍ത്താന്‍ ശ്രമിച്ച ടാങ്കര്‍ ലോറി റോഡില്‍നിന്ന് താഴേക്ക് ഉരുണ്ടെങ്കിലും കുഴിയില്‍ വീണ് നിന്നതിനാല്‍ വന്‍അപകടം ഒഴിവായി. എല്‍പിജി വാതകവുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കുറുപ്പന്തറ ആറാംമൈലിനു സമീപമാണ് അപകടം. ടാങ്കറിന്റെ പിന്നിലെ ടയറിനിടയില്നിന്ന് പുക ഉയരുന്നത് ഗ്ലാസിലൂടെ കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ലോറി താഴേക്ക് ഉരുളുകയായിരുന്നു. ലോറിയുടെ ക്യാബിന് ഭാഗത്തെ ടയര്‍ റോഡില്‍നിന്ന് തെന്നിമാറി സമീപത്തെ മതിലിനോടു ചേര്‍ന്ന് കുഴിയിൽ വീണതോടെ വാഹനം നിന്നു.
പിന്നോട്ട് പോകുന്നതിനിടെ വാഹനം താഴേക്ക് മറിഞ്ഞിരുന്നെങ്കിൽ വന്‍അപകടത്തിന് കാരണമാകുമായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. ടാങ്കര്‍ ഭാഗം റോഡില്‍ ഗതാഗതത്തിന് തടസമായി നിന്നതോടെ ഏറെസമയം ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ജെസിബി ഉപയോഗിച്ചു ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗം തള്ളിനീക്കിയതോടെയാണ് വാഹനത്തിന് യാത്ര തുടരാനായത്.
മാഞ്ഞൂര്‍ പഞ്ചായത്തംഗം ടോമി കാറുകുളം അറിയിച്ചതിനെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. അടുത്തിടെ ഡീസല്‍ എടുക്കാനായി തൃപ്പൂണിത്തുറ ഇരുമ്പനത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ഇവിടെ അപകടത്തില്‍പ്പെട്ടു തല കുത്തനെ മറിഞ്ഞിരുന്നു.