തെലുങ്കാന എംബിബിഎസ് പരീക്ഷ: പോൾ ചാക്കോയ്ക്ക് ഒന്നാം റാങ്ക്
1545459
Friday, April 25, 2025 11:53 PM IST
എരുമേലി: തെലുങ്കാനയിൽ എംബിബിഎസ് പരീക്ഷയിൽ എരുമേലി സ്വദേശിക്ക് ഒന്നാം റാങ്ക്. എരുമേലി പഴയകൊരട്ടി തോപ്പിൽ ചാക്കോ പോളിന്റെയും ജെസി തോമസിന്റെയും മകനായ പോൾ ചാക്കോയാണ് റാങ്ക് ജേതാവ്.
തെലുങ്കാന മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഫെബ്രുവരിയിൽ നടത്തിയ എംബിബിഎസ് ഫൈനൽ പരീക്ഷയിലാണ് പോൾ ചാക്കോ ഡിസ്റ്റിംഗ്ഷനോടെ ഒന്നാം റാങ്ക് നേടിയത്. തെലുങ്കാനയിലെ ആകെയുള്ള 33 മെഡിക്കൽ കോളജുകളിൽ നിന്നായി 5100ഓളം എംബിബിഎസ് വിദ്യാർഥികളിൽനിന്നാണ് പോൾ ചാക്കോ ഒന്നാം സ്ഥാനം നേടിയത്.
ഹൈദരാബാദിനടുത്തുള്ള മെഹബൂബ് നഗർ ഗവൺമെന്റ് മെഡിക്കൽ കോളജ് വിദ്യാർഥിയായ പോൾ പത്താം ക്ലാസുവരെ അബുദാബി ഇന്ത്യൻ സ്കൂളിൽ പഠിച്ചപ്പോൾ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലാണ് പ്ലസ്ടു പഠനം നടത്തിയത്. പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്യന്റ് കൊച്ചിംഗിലൂടെ 2020ലെ നീറ്റ് പരീക്ഷയിൽ ആദ്യ തവണ തന്നെ ഉയർന്ന സ്കോർ നേടിയാണ് ഹൈദരാബാദിനടുത്തുള്ള സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.
പോൾ ചാക്കോ നേടിയ ഉന്നത വിജയം കേരളത്തിനാകെ അഭിമാനം പകരുകയാണെന്ന് അഭിനന്ദനങ്ങൾ അറിയിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.