കോട്ടയം നഗര പക്ഷിസര്‍വേ: കൊറ്റില്ലങ്ങള്‍ തിരികെ വരുന്നു
1545746
Sunday, April 27, 2025 4:01 AM IST
കോട്ടയം: കോട്ടയം നഗരത്തിലെ പക്ഷി വൈവിധ്യം മുന്‍ വര്ഷങ്ങളിലേക്കാള് നേരിയ തോതില്‍ വര്‍ധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷകര്‍, വിദഗ്ധര്‍, ജൂണിയര്‍ നാച്ചുറലിസ്റ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ 47 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.
മുന്‍വര്‍ഷം 40 ഇനം പക്ഷികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നഗരങ്ങളില്‍ വിരളമായി കണ്ടുവരുന്ന തേന്‍ കൊതിച്ചി പരുന്ത്, പൂന്തത്ത എന്നിവയെ ഇത്തവണ പുതുതായി കണ്ടെത്താനായി.
നാഗമ്പടം സ്റ്റേഡിയം പരിസരത്തുള്ള കൊറ്റില്ലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടുകളുടെ എണ്ണം വര്‍ധിച്ചതായി കാണപ്പെട്ടു. ഒമ്പതു മരങ്ങളിലായി അറുനൂറോളം കൂടുകളില്‍ ചേരക്കോഴി, ചെറിയ നീര്‍കാക്ക, കിന്നരി നീര്‍കാക്ക എന്നീ പക്ഷികളുടെ കൂടുകളാണ് കാണാനായത്.
കഴിഞ്ഞവര്‍ഷം നാലു മരങ്ങളിലായി നൂറില്‍ താഴെ മാത്രം കൂടുകളാണ് ഉണ്ടായിരുന്നത്. നഗരത്തിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും വര്‍ധിച്ച പിന്തുണയാണ് കൊറ്റില്ലത്തിന്റെ തിരിച്ചുവരവിന് കാരണമായത്.
ചിന്നകുട്ടുറുവാന്, നാട്ടുമൈന, കാക്കകള്‍, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തില്‍ ഏറ്റവും അധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരക്കോഴി, നീലകോഴി എന്നിവയേയും കണ്ടെത്തി.
നഗരത്തെ അഞ്ച് സെക്ടറുകളായി തിരിച്ചുനടത്തിയ സര്‍വേയില്‍ ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് സിഎംഎസ് കോളജ് കാമ്പസിലും രണ്ടാമത് ഈരയില്‍ കടവിലുമാണ്. നാഗമ്പടം സ്റ്റേഡിയം പരിസരം, കളക്ടറേറ്റ്, പൊതുമരാമത്ത് റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും കണക്കെടുപ്പ് നടന്നു. ഡോ. പുന്നന്‍ കുര്യന് വേങ്കടത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ നാല്പതോളം പേര് പങ്കെടുത്തു.