മണ്ണില്‍ക്കടവ് റോഡിന് ശാപമോക്ഷം
1545453
Friday, April 25, 2025 11:53 PM IST
പാലാ: നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡില്‍ പുഴക്കര പാലം-മണ്ണില്‍കടവ് റോഡിന്റെ പൊട്ടിപ്പൊളിഞ്ഞതും വെള്ളക്കെട്ട് ഉള്ളതുമായ ഭാഗങ്ങള്‍ ടാറിംഗും പേവിംഗ് ബ്ലോക്കും നിരത്തി പണികള്‍ പൂര്‍ത്തിയാക്കി.
മണ്ണില്‍ക്കടവ് ഭാഗത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടന്നതും പഴയ മൃഗാശുപത്രി ഭാഗത്ത് പുതിയതായി പേവിംഗ് ബ്ലോക്ക് നിരത്തിയ റോഡിന്റെ ബാക്കി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നത് യാത്ര ദുഷ്കരമാക്കിയിരുന്നു. ഇതുസംബന്ധിച്ച് സ്റ്റേഡിയം വ്യൂ റെസിഡന്റ്സ് അസോസിയേഷനും സമീപവാസികളും നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോക്കു പരാതി നല്‍കിയിരുന്നു. തുടർന്ന് റോഡ് നവീകരണത്തിനായി 4.25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
റോഡ് നവീകരണത്തിനു മുൻകൈയെടുത്ത മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റര്‍, വൈസ് ചെയർപേഴ്സൺ ബിജി ജോജോ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട് തുടങ്ങിയവരെ ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു.