പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ തിരുനാള്‍ 28 മുതല്‍ മേയ് ഏഴു വരെ
1545742
Sunday, April 27, 2025 4:01 AM IST
കോട്ടയം: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 28 മുതല്‍ മേയ് ഏഴു വരെ ആചരിക്കും. 28നു വൈകുന്നേരം അഞ്ചിനു വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് കൊടിയേറ്റും.
കണ്വന്ഷന് മേയ് ഒന്നുമുതല്‍ മൂന്നുവരെ നടക്കും. ദിവസവും വൈകുന്നേരം സന്ധ്യാനമസ്കാരത്തിനുശേഷം കണ്വന്ഷന് ആരംഭിക്കും. മത്തായി കോര്‍ എപ്പിസ്കോപ്പ ഇടയനാല്‍, ജോസഫ് കോര്‍ എപ്പിസ്കോപ്പ കറുകയില്‍, ഫാ. ജോജി കെ. ജോയി അടൂര്‍ എന്നിവര്‍ വചനസന്ദേശം നല്‍കും.
മേയ് നാലിനു ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന. 11നു സാംസ്കാരിക സമ്മേളനം. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് മുഖ്യസന്ദേശം നല്‍കും. പുതുപ്പള്ളി പള്ളി നല്കുന്ന ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് അവാര്‍ഡ് ഓര്‍ത്തഡോക്സ് സഭയിലെ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയ്ക്കു ഗവര്‍ണര്‍ നല്‍കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് , ചാണ്ടി ഉമ്മന്‍ ,വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍ എന്നിവര്‍ പ്രസംഗിക്കും.മേയ് അഞ്ച് മുതല്‍ ഏഴു വരെയാണു പ്രധാന പെരുന്നാള്‍.
അഞ്ചിനു തീര്‍ഥാടന സംഗമം. വൈകുന്നേരം കൊച്ചാലുംമൂട് ഓര്‍ത്തഡോക്സ് സെന്റര്‍, കൈമറ്റം ചാപ്പല്‍, പാറക്കല്‍ കടവ്, കാഞ്ഞിരത്തിന്മൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശുപള്ളികളില്‍ സന്ധ്യനമസ്കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. രാത്രി ഏഴിനു വിശുദ്ധ ഗീവര്‍ഗീസ് സഹദാ അനുസ്മരണപ്രഭാഷണം വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമയില്‍ നിര്‍വഹിക്കും.
ആറിനു ഡോ. ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല് കുര്ബാനയ്ക്കുശഷം 11നു പൊന്നിന്‍കുരിശ് വിശുദ്ധ മദ്ബഹായില്‍ സ്ഥാപിക്കും.5.30നു ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തിലും യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തായുടെ സഹകാര്‍മികത്വത്തിലും സന്ധ്യാനമസ്കാരം. തുടര്‍ന്ന് നിലയ്ക്കല്‍ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം.
വലിയ പെരുന്നാള്‍ ദിനമായ മേയ് ഏഴിനു രാവിലെ 5നും 8നും വിശുദ്ധ കുര്‍ബാന. 7.30നുള്ള രണ്ടാമത്തെ വിശുദ്ധ ഒമ്പതിന്മേല് കുര്‍ബാനയ്ക്കു ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ഇരവിനല്ലൂര്‍ കവല ചുറ്റിയുള്ള പ്രദക്ഷിണം.മേയ് 23നു കൊടിയിറങ്ങുന്നതുവരെ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് കല്ലൂര്‍, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പന് ഊളയ്ക്കല്‍, ഫാ. ബ്ലസന്‍ മാത്യു ജോസഫ് വാഴക്കാലായില്‍, ഫാ. വര്‍ഗീസ് പി. വര്‍ഗീസ് ആനിവയലില്‍, ട്രസ്റ്റിമാരായ പി.എം. ചാക്കോ, ജോണി ഈപ്പന്, സെക്രട്ടറി മോനു. പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.