ഫ്രാന്‍സിസ് പാപ്പായുടെ ജീവൻ തുടിക്കുന്ന മെഴുകു പ്രതിമ നിർമിച്ച് ബേബി അലക്സ്
1545744
Sunday, April 27, 2025 4:01 AM IST
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവന് തുടിക്കുന്ന മെഴുകുപ്രതിമ നിര്‍മിച്ച് ഇതിന്റെ ചിത്രങ്ങള്‍ മാർപാപ്പയ്ക്കു നല്കാന് കഴിഞ്ഞതിന്റെ ധന്യതയിലാണ് പാക്കില്‍ സ്വദേശിയായ ബേബി അലക്സ്. ഒരു വര്‍ഷം മുന്‍പ് മാര്‍പാപ്പയുടെ അതേ ആകാരഭംഗിയില്‍ മെഴുകില്‍ പ്രതിമ മെനഞ്ഞെടുക്കുമ്പേള് സംഭവിക്കാന്‍ പോകുന്നത് ചരിത്ര നിമിഷമാണെന്ന് ബേബി അലക്സ് കരുതിയിരുന്നില്ല.
ഒരുമാസത്തിനുള്ളില്‍ പ്രതിമ നിര്‍മിച്ച് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖേന ചിത്രങ്ങള്‍ മാര്‍പാപ്പയ്ക്ക് എത്തിച്ചപ്പോള്‍ ബേബിയെ ഏല്‍പ്പിക്കാനായി മാര്‍പാപ്പ നല്‍കിയത് ഒരു കൊന്തയാണ്. അതിനാല്‍ത്തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ബേബിക്ക് നഷ്ടം വ്യക്തിപരമാണ്. 17 വര്‍ഷത്തിലധികമായി മെഴുകു പ്രതിമ നിര്‍മാണത്തില്‍ വ്യാപൃതനായ ബേബി ഇതിനോടകം 30 ഓളം പ്രശസ്തരുടെ പ്രതിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
ഇതെല്ലാം കന്യാകുമാരിയിലെ ബോവാച്ച് മായാപുരിയിലെ വാക്സ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു മാസം സമയം എടുത്താണ് പ്രതിമകള്‍ നിര്‍മിക്കുന്നത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, ഉമ്മന്‍ ചാണ്ടി, മദര്‍ തെരേസ, ചാര്‍ലി ചാപ്ലിന് എന്നിവരുടെ പ്രതിമകളും ബേബി നിര്‍മിച്ചിട്ടുണ്ട്. സിംഹാസനത്തിലിരിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രതിമ ഏറെ പ്രശംസ നേടിയിരുന്നു.
റോബിന് ഏബ്രഹാം ജോസഫ്