മുണ്ടക്കയം സബ് ട്രഷറി നിർമാണോദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
1545730
Sunday, April 27, 2025 4:01 AM IST
മുണ്ടക്കയം: സബ് ട്രഷറിക്ക് സംസ്ഥാന ഗവൺമെന്റിൽനിന്ന് 1.75 കോടി രൂപ അനുവദിച്ച് നിർമിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ മേയ് അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത് നിർവഹിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി സംഘാടകസമിതി യോഗം മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തി.
സംഘാടകസമിതി ഭാരവാഹികളായി ജില്ലാ ട്രഷറി ഓഫീസർ കെ.ജെ. ജോസ്മോൻ-കൺവീനർ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് എൻ.എം. ആന്റണി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെ. ജോൺ-ജോയിന്റ് കൺവീനർമാർ, പഞ്ചായത്തംഗം സി.വി. അനിൽകുമാർ-ചെയർമാൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.ജി. രാജു, കെ.എസ്. രാജു, ചാർലി കോശി, സെയ്തു മുഹമ്മദ്, സിജു കൈതമറ്റം, ഷാജി അറത്തിൽ - വൈസ് ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ് - സെക്രട്ടറി, മുണ്ടക്കയം സബ് ട്രഷറി ഓഫീസർ ജേക്കബ് സി. ജോർജ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറി ഡയറക്ടർ വി. സാജൻ, മറ്റ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, പെൻഷൻ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
എരുമേലിയിലും നിലവിൽ സബ് ട്രഷറി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും എരുമേലി സബ് ട്രഷറിക്കും സ്ഥലവും കെട്ടിട നിർമാണത്തിന് ആവശ്യമായ ഫണ്ടും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.