വിളംബര ഘോഷയാത്ര നാളെ
1545685
Saturday, April 26, 2025 6:52 AM IST
മണര്‍കാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ മേയ് ഒന്നിന് സ്വീകരണം നല്‍കും. സ്വീകരണത്തോടനുബന്ധിച്ചുള്ള വാഹന വിളംബര ഘോഷയാത്ര നാളെ നടക്കും.
രാവിലെ 10.30നു മണര്‍കാട് കത്തീഡ്രലില്‍നിന്ന് ആരംഭിച്ചു പാറമ്പുഴയില്‍ 11ന് എത്തും. നട്ടാശേരി പൊന്‍പള്ളി 11.15ന്. നീലിമംഗലം പള്ളി 11.30ന്. പേരൂര്‍ മര്‍ത്തശ്മൂനി പള്ളി 11.45ന്. തിരുവഞ്ചൂര്‍ ഉച്ചയ്ക്ക് 12ന്, തുത്തൂട്ടി ചാപ്പല്‍ 12.10ന്, അരീപ്പറമ്പ് 12.30ന്, അങ്ങാടിവയല്‍ 12.45ന്, വെള്ളൂര്‍ സെന്റ് സൈമണ്‍സ് പള്ളി ഉച്ചയ്ക്ക് ഒന്നിന്. പങ്ങട 1.45ന്, പാമ്പാടി സിംഹാസനപ്പള്ളി രണ്ടിന്. പൊത്തന്‍പുറം 2.15ന്. മീനടം 2.30ന്, പുതുപ്പള്ളി 2.50ന്, പാണംപടി 3.30ന്. കുമരകം നാലിന്, ചെങ്ങളം 4.20ന്, കോട്ടയം ടൗണ്‍ അഞ്ചിന്, കളത്തില്‍പ്പടി 5.30ന്, വടവാതൂര്‍ 5.45ന്, ആറിനു മണര്‍കാട് കത്തീഡ്രലില്‍ എത്തിച്ചേരും.
മേയ് ഒന്നിനു വൈകുന്നേരം നാലിനു കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലില്‍നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കെകെ റോഡ് വഴി മണര്‍കാട് കവലയിലേക്ക് ആനയിക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായെ മണര്‍കാട് പള്ളിയിലേക്ക് എതിരേല്ക്കും. പള്ളിയിലെത്തിയശേഷം സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് സ്വീകരണസമ്മേളനവും നടക്കും.
എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. അനുമോദന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ അനുമോദനപ്രസംഗം നടത്തും. ചാണ്ടി ഉമ്മന്‍ എംഎല്‍എ, മൈലാപ്പുര് ഭദ്രാസനാധിപന്‍ ഐസക്ക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ പ്രസംഗിക്കും.