സ്നേഹത്തണലായി 14 വീടുകൾ ഒരുക്കി സെന്റ് ഡൊമിനിക് കോളജ് എൻഎസ്എസ് യൂണിറ്റ്
1545456
Friday, April 25, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ കോളജ് എന്‍എസ്എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് സെല്ലിന്റെയും സഹകരണത്തോടെ ഭവനരഹിതര്‍ക്കായി നിര്‍മിച്ച 14 വീടുകളുടെ താക്കോല്‍ദാനം 28നു രാവിലെ 10ന് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എന്‍. വാസവന് നിർവഹിക്കും.
സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും വിവിധ ഭവനപദ്ധതികളില്‍ ഒന്നും ഉള്‍പ്പെടാത്ത ഭവനരഹിതരായ ആളുകളുടെ സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇടുക്കി ജില്ലയില്‍ കൊക്കയാര്‍, കോട്ടയം ജില്ലയിലെ മുണ്ടക്കയം, തിടനാട്, ചിറക്കടവ്, എലിക്കുളം എന്നീ പഞ്ചായത്തുകളിലായാണ് 14 വീടുകള്‍ നിര്‍മിച്ചത്. അഞ്ചു സെന്റിൽ അധികം ഭൂമി സ്വന്തമായി ഇല്ലാത്തവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. മൂന്ന് കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കിയാണ് വീട് നിര്‍മിച്ചത്. ആറുമുതല്‍ ഏഴു ലക്ഷം രൂപ വരെ ഒരു വീടിന് ചെലവായി.
വാഹനസൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണ സാമഗ്രികള്‍ ചുമന്ന് എത്തിക്കുന്നതിനും മണ്ണ് കുറവുള്ള പാറ നിറഞ്ഞ പ്രദേശത്ത് തറ കെട്ടുന്നതിന് മണ്ണ് ചുമന്ന് എത്തിക്കുന്നതിനും എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ മുന്നിട്ടിറങ്ങി. അര്‍ഹരായവരെ കണ്ടെത്തിയതും വിദ്യാര്‍ഥികളായിരുന്നു. വീട് നിര്‍മാണത്തിന് നാട്ടിലെ സുമനസുകളായ ഒട്ടേറെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായം ലഭിച്ചതായി പ്രോഗ്രാം ഓഫീസര്‍ ഡോ. ജോജി തോമസ് പറഞ്ഞു.
കോളജ് മാനേജര്‍ റവ.ഡോ. കുര്യന് താമരശേരി, പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കൊപ്പം നൂറ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ വീട് നിര്‍മാണത്തിന് നേതൃത്വം നല്കി.
28നു രാവിലെ 10ന് കോളജില്‍ നടക്കുന്ന ചടങ്ങില്‍ കോളജ് മാനേജര്‍ റവ.ഡോ. കുര്യന് താമരശേരി അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യന്‍, വോളണ്ടിയര്‍ സെക്രട്ടറിമാരായ അതുല്‍ കൃഷ്ണന്, ഭാഗ്യലക്ഷ്മി രാജ്, ആല്ബിന് തോമസ്, ദിയ തെരേസ് ജോഷി എന്നിവര്‍ പങ്കെടുത്തു.