നാഗന്പടം മേൽപാലത്തിലെ നടപ്പാതയിലൂടെ നടക്കരുത് : കുഴിയിൽ വീഴും!
1545958
Sunday, April 27, 2025 6:54 AM IST
കോട്ടയം: നാഗമ്പടത്ത് എത്തിയാല്‍ നിങ്ങള്‍ മേല്‍പാലത്തിലെ നടപ്പാതയിലൂടെ നടക്കരുത്. നിങ്ങള്‍ കുഴിയിലേക്ക് വീഴും ഉറപ്പാണ്. എംസി റോഡില്‍ കോട്ടയം നഗരത്തില്‍ ഏറ്റവും തിരക്കുള്ള നാഗമ്പടം മേല്‍പാലത്തിലെ നടപ്പാതയിലാണ് അപകടം പതിയിരിക്കുന്നത്.
മേല്‍പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളകിമാറിയ നിലയിലാണ്. നടന്നുനടന്ന് ചെല്ലുമ്പോഴാണ് സ്ലാബുകള്‍ ഇളകി മാറിയിരിക്കുന്നത് യാത്രക്കാര്‍ കാണുന്നത്. പലരും തലനാഴിരയ്ക്കാണ് രക്ഷപ്പെടുന്നത്.
കഴിഞ്ഞ ദിവസം രണ്ടു പേരുടെ കാലുകള്‍ സ്ലാബിനിടയില്‍ കുടുങ്ങി പരിക്കേറ്റിരുന്നു. പകല്‍ ഇതാണ് അവസ്ഥയെങ്കില്‍ രാത്രി ഇരുട്ടു നിറഞ്ഞ പാലത്തിലെ കാര്യം പറയേണ്ടതില്ല. ആളുകള്‍ നടപ്പാതയിലൂടെ നടന്നുപോകുമ്പോള്‍ സ്ലാബുകള്‍ തെന്നിമാറുകയാണ്. ഭയാനകമായ രീതിയില്‍ ശബ്ദവും ഉണ്ടാകാറുണ്ട്.
സ്ലാബുകള്‍ ഇളകി നടപ്പാത തകര്‍ന്നതോടെ പലരും ഇപ്പോള്‍ തിരക്കേറിയ പാലത്തിലൂടെ തന്നെയാണ് നടക്കുന്നത്. പാലത്തിലൂടെ യാത്രക്കാര്‍ നടക്കുന്നതും അപകടമാണ്. ചീറിപ്പായുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാറേയില്ല.
നഗരത്തിലെ പ്രധാന പാലത്തിലെ നടപ്പാത അടിയന്തരമായി നന്നാക്കി കാല്‍നടയാത്രക്കാരുടെ യാത്ര സുഗമമവും അപകടരഹിതവുമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.