മണിമല പൂജരാജാക്കന്മാരുടെ പള്ളി ഇരുനൂറാം വാര്‍ഷിക നക്ഷത്രശോഭയിൽ
1545455
Friday, April 25, 2025 11:53 PM IST
മണിമല: മണിമലയാറിന്റെ തീരത്ത് ആത്മീയവിശുദ്ധി ചൊരിയുന്ന പൂജരാജാക്കന്മാരുടെ പൗരാണിക ദേവാലയത്തിന് ഇരുനൂറാം വാര്‍ഷികത്തിന്റെ നക്ഷത്രശോഭ. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലെ എട്ട് ഇടവകകളുടെ തലപ്പള്ളിയെന്ന നിലയില്‍ മണിമല ഹോളി മാഗി പള്ളിയുടെ പഴമയും പാരമ്പര്യവും പ്രൗഢിയും ഏറെ വലുതാണ്.
1816ല്‍ കാഞ്ഞിരപ്പള്ളി പള്ളിയുടെ പൊതുയോഗം കൂടി മണിമലയില്‍ കുരിശുപള്ളി പണിയാന്‍ അനുമതി നൽകി. പില്ക്കാലത്ത് മണിമല കുരിശുപള്ളി ഇടവകയായി ഉയര്‍ത്തപ്പെട്ടു. 1825 ജനുവരി ആറിന് ദഹനാതിരുനാളില് പുതിയ പള്ളിയുടെ വെഞ്ചരിപ്പുകര്‍മം നടത്തി. 1951ല്‍ ഫാ. ജോണ്‍ തലോടില്‍ വികാരിയായിരിക്കുമ്പോഴാണ് നിലവിലെ പള്ളിപണിക്കു തുടക്കം കുറിച്ചത്. 1958 ജനുവരി നാലിനു പുതിയ പള്ളിയുടെ കൂദാശ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ട് നിര്‍വഹിച്ചു. 1974 ഓഗസ്റ്റ് 15നു മണിമല പള്ളിയെ ഒരു ഫൊറോനയായി ഉയര്‍ത്തി.
പള്ളി ആശീര്‍വദിക്കപ്പെട്ട കാലം മുതല്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി ഏഴുവരെയാണ് പൂജാരാജാക്കന്മാരുടെ വലിയ തിരുനാള്‍. ജനുവരി അഞ്ചിന് വൈകുന്നേരം കറിക്കാട്ടൂര്‍ കപ്പേളയില്‍നിന്ന് ഹോളി മാഗി പള്ളിയിലേക്കു വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുസ്വരൂപവും വഹിച്ച് അനേകായിരങ്ങള്‍ പങ്കെടുക്കുന്ന നഗരപ്രദക്ഷിണം മണിമലയയുടെ ആത്മീയ ഉത്സവമാണ്.
സാംസ്കാരിക സമ്മേളനം
ഹോളി മാഗി ഫൊറോന പള്ളി ദ്വിശതാബ്ദിയുടെ ഭാഗമായി മേയ് മൂന്നിനു വൈകുന്നേരം 5.30ന് സാംസ്കാരിക സമ്മേളനം നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി ആശംസപ്രസംഗവും സമ്മാനദാനവും നിർവഹിക്കും. വികാരി ഫാ. മാത്യു താന്നിയത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. എമേഴ്സൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിറിൾ തോമസ്, പി.ടി. അനൂപ്, പഞ്ചായത്തംഗങ്ങളായ അതുല്യാ ദാസ്, സുനി സജി, ജനറൽ കൺവീനർ ജോസ് വർഗീസ് കൂനംകുന്നേൽ എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിനു മുന്നോടിയായി വൈകുന്നേരം 4.30ന് മൂങ്ങാനിയിൽനിന്നു പള്ളിയിലേക്കു സാംസ്കാരിക ഘോഷയാത്ര നടത്തും. വികാരി ഫാ. മാത്യു താന്നിയത്ത് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചകഴിഞ്ഞ് 3.30നു കറിക്കാട്ടൂർ കവലയിൽനിന്ന് ആരംഭിക്കുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം മണിമല-മൂങ്ങാനി ചുറ്റി ഫൊറോന പള്ളി അങ്കണത്തിൽ സമാപിക്കും. മണിമല ഇൻസ്പെക്ടർ ഓഫ് പോലീസ് വി.കെ. ജയപ്രകാശ് മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. അസി. വികാരി ഫാ. വർഗീസ് ചിറയിൽ, ജോസ് വർഗീസ്, ജോസ് കൊള്ളിക്കൊളവിൽ എന്നിവർ നേതൃത്വം നൽകും.