പാറേല്പള്ളിക്കും പറയാനുണ്ട് : ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചുള്ള മധുരസ്മരണകള്
1545696
Saturday, April 26, 2025 7:05 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പാറേല്പള്ളിക്കുമുണ്ട് ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചുള്ള മധുരസ്മരണകള്. നിര്‍മാണത്തിലുള്ള പാറേല്പള്ളിയുടെ അടിസ്ഥാന ശില ആശീര്‍വദിച്ചത് ഫ്രാന്‍സിസ് പാപ്പായാണ്.
വത്തിക്കാനില്‍ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിനെത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള പാറേല്‍ പള്ളിയുടെ നിര്‍മാണത്തെക്കുറിച്ചും അടിസ്ഥാന ശില വെഞ്ചരിക്കുന്നതിനെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പായെ ധരിപ്പിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കയ്യിലുണ്ടായിരുന്ന ശില പാപ്പ ആശീര്‍വദിച്ചു നല്കി. മാര്‍ ജോസഫ് പെരുന്തോട്ടം ഈ ശില പാറേല്പ്പള്ളിയിലെത്തിച്ച് പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്.
2014 നവംബര്‍ 13നാണ് ശില ആശീര്‍വദിച്ചു നല്‍കിയത്. 2015 ഓഗസ്റ്റ് 15നാണ് പാറേല്പള്ളിയുടെ ശിലാസ്ഥാപന കര്‍മം നടന്നത്. ശിലാസ്ഥാപനം നടത്തുന്ന കല്ല് മണ്ണില്മൂടപ്പെടുന്നതിനാല് പാപ്പാ ആശീര്‍വദിച്ച ശില അന്നു സ്ഥാപിച്ചിരുന്നില്ല.
പള്ളി പണി പൂര്‍ത്തിയാകുമ്പോള്‍ ഫ്രാന്‍സിസ് പാപ്പാ ആശീര്‍വദിച്ച കല്ല് വിശ്വാസികള്‍ക്ക് കാണാവുന്ന രീതിയില്‍ പള്ളിയില്‍ പാപ്പായോടുള്ള ഓര്‍മക്കുറിപ്പായി സ്ഥാപിക്കാനാണ് അതിരൂപതാ കേന്ദ്രത്തിന്റെ തീരുമാനം.