മലമ്പനി നിർമാർജനം: രക്തപരിശോധന നടത്തി
1545738
Sunday, April 27, 2025 4:01 AM IST
എരുമേലി: മലമ്പനി നിർമാർജന ദിനാചരണത്തിന്റെ ഭാഗമായി എരുമേലിയിൽ ബോധവത്കരണ കാമ്പയിനും രക്ത സാമ്പിളുകൾ ശേഖരണവും നടത്തി. സർക്കാർ ആശുപത്രിയിലെ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കാമ്പയിന്റെ ഭാഗമായി ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ ശുചിത്വ പരിശോധന നടത്തുകയും തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തുകയും ചെയ്തു.
മലേറിയ ഉൾപ്പെടെ രോഗ നിർണയത്തിനായി ഇവരിൽനിന്ന് രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. മെഡിക്കൽ ഓഫീസർ ജോർജ് കുര്യൻ ബോധവത്കരണ ക്ലാസ് നൽകി. ലോക മലമ്പനി നിർമാർജന ദിന ഭാഗമായാണ് കാമ്പയിൻ നടത്തിയത്. 15 പേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
മലമ്പനി പിടിപെടുന്നതിനുള്ള സാധ്യതകൾ, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതി, പരിസര ശുചിത്വം, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങൾ ബോധവത്കരണ ക്ലാസിൽ വിശദീകരിച്ചു. നിലവിൽ പകർച്ചവ്യാധി രോഗങ്ങൾ മേഖലയിൽ പ്രകടമല്ലെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് കുര്യൻ പറഞ്ഞു.
കഴിഞ്ഞയിടെ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾ ചിലരിൽ കണ്ടതിനെത്തുടർന്ന് ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ഇതിന്റെ ഫലമായി രോഗവ്യാപനം പൂർണമായും തടയാൻ കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. വേനൽ മഴ വ്യാപകമായ സാഹചര്യത്തിൽ രോഗങ്ങൾ തടയുന്നതിനുള്ള ഫീൽഡ് തല സർവേയും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ നടന്ന മലമ്പനി നിർമാർജന ദിനാചരണ കാമ്പയിനും പരിപാടിക്കും ഹെൽത്ത് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.