വികസന നേട്ടങ്ങളിലൂടെ ഒരു ഹ്രസ്വ സഞ്ചാരം; എന്റെ കേരളം പ്രദര്‍ശന വിപണന മേള
1545743
Sunday, April 27, 2025 4:01 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുള്ള ഹ്രസ്വ സഞ്ചാരമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. മേള തുടങ്ങി നാലു ദിവസം കഴിയുമ്പോള്‍ നിരവധിയാളുകളാണ് പ്രദര്‍ശന നഗരിയിലേക്ക് എത്തുന്നത്.
പ്രദര്‍ശന സ്റ്റാളിന്റെ പ്രധാന കവാടത്തോടു ചേര്‍ന്നുള്ള വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഒരുക്കിയിരിക്കുന്ന പവലിയനില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഫോട്ടോകളിലൂടെയും എല്‍ഇഡി വാളുകളിലൂടെയും വിശദമായി കണ്ടു മനസിലാക്കാം.
ബോര്‍ഡിനു മുന്പിലെ സ്റ്റാന്‍ഡിലുള്ള മാഗസിന്റെ താളുകള്‍ മറിക്കുമ്പോള്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ എല്‍ഇഡി വാളില്‍ തെളിയും. അതില്‍നിന്ന് സംസ്ഥാനത്തെ അടുത്തറിയാം.ഡിജിറ്റല്‍ ഭൂസര്‍വേ, വിഴിഞ്ഞം തുറമുഖ പദ്ധതി, സ്റ്റാര്‍ട്ടപ്പ് കേരള, വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ കേരളം, ടൂറിസം വികസനം, കായിക വികസനം, പട്ടയ വിതരണത്തിലെ നേട്ടങ്ങള്‍, ദുരന്തമുഖങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള പദ്ധതികള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, ഭിന്നശേഷി സൗഹൃദ പദ്ധതികള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ സ്ഥിതിവിവരക്കണക്കുകള്‍ സഹിതം തുടര്‍ന്നുള്ള ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിവരങ്ങള്‍ അറിയുന്നതിനൊപ്പം എന്റെ കേരളം മാഗസിന്റെ മുഖചിത്രമാകാന്‍ അവസരമൊരുക്കുന്ന ഫോട്ടോ പോയിന്റും ഒരുക്കിയിട്ടുണ്ട്. കാര്‍ഷികം, പട്ടയം, വിദ്യാഭ്യാസം, ആരോഗ്യം, വിദ്യാഭ്യാസം, നവകേരളം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന നേട്ടങ്ങളുടെ ക്യൂബും ഇവിടെയുണ്ട്.
സ്കൂള്‍വിപണിയുമായി കണ്‍സ്യൂമര്‍ ഫെഡ്
വമ്പിച്ച ഓഫറുകളും വിലക്കുറവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ തിരക്കേറി കണ്‍സ്യൂമര്‍ ഫെഡ് സ്റ്റാള്‍. മേള കാണാന്‍ എത്തുന്നവര്‍ക്ക് കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ തുറക്കാന്‍ ഇനി ഒരു മാസം ബാക്കിനില്‍ക്കേ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും ഇവിടെ ലഭ്യമാണ്.
പൊതു വിപണിയില്‍ നിന്ന് 30 ശതമാനം വരെ വിലക്കുറവാണ് ഇവിടെ. ബുക്ക്, ബാഗ്, പേന, പേപ്പര്‍, കുടകള്‍ അങ്ങനെ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെല്ലാം ഒറ്റ കുടക്കീഴില് ലഭ്യമാണ്. അതോടൊപ്പം ത്രിവേണി സാധനങ്ങളും വിലക്കുറവില്‍ ലഭ്യമാണ്.
അനുഭവാധിഷ്ഠിത പഠനത്തിന്റെ നേര്‍ക്കാഴ്ചയുമായി പൊതുവിദ്യാഭ്യാസ സ്റ്റാള്‍
മാറുന്ന ലോകത്തിനൊത്ത് ചുവടുവയ്ക്കുന്ന പുതുതലമുറയുടെ പുതുപുത്തന്‍ ആശയങ്ങള്‍ കണ്ടറിയാന്‍ അവസരമൊരുക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. മിനി റോബോട്ടും സ്കൂള്‍ കുട്ടികളുടെ ഹാജര്‍ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള ഉപകരണവും സെന്‍സറും വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസുമെല്ലാം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.
സ്കൂള്‍ കുട്ടികളെ ഇന്നവേഷനിലേക്കും സംരംഭകത്വത്തിലേക്കും ആകര്‍ഷിക്കുന്ന പദ്ധതിയായ ടിങ്കറിംഗ് ലാബില്‍നിന്നുള്ള നൂതന ആശയങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ട്രാക്കുകളും വീലുകളുമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സെമി ഓട്ടോമാറ്റിക് മെട്രോ പോലെയുള്ള സംസ്ഥാനതലത്തില്‍ വിജയിച്ച ശാസ്ത്ര പ്രോജക്ടുകള്‍, സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ കീഴില്‍ ചെയ്തിട്ടുള്ള ഇലക്ട്രിക് സ്കൂട്ടര്‍ അസംബ്ലിംഗ് മുതലായ വ്യത്യസ്തങ്ങളായ ആശയ ആവിഷ്കരണമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. കൂടാതെ വിച്ച്എസ്സി, ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള വിവിധ കോഴ്സുകളേപ്പറ്റി അറിയാനുള്ള അവസരവുമുണ്ട്.
ആശ - ആരോഗ്യ സംഗമവും ആദരിക്കലും ഇന്ന്
ആശാ - ആരോഗ്യ പ്രവര്‍ത്തകരുടെ സംഗമവും ആദരിക്കലും ഇന്ന് നടക്കും. ആരോഗ്യവകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മികവ് തെളിയിച്ച ആശാ പ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗര്‍ ആദരിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ- ആരോഗ്യ പ്രവര്‍ത്തകര്‍ നാടോടിനൃത്തം, നാടന്‍പാട്ട്, ലളിതഗാനം, സംഘനൃത്തം, സൂംബാനൃത്തം, മിമിക്രി, ഗാനമേള എന്നിവ അവതരിപ്പിക്കും.
വേറിട്ട കാഴ്ചയൊരുക്കി കായികവകുപ്പ്
കോട്ടയം: എന്റെ കേരളം മേളയില്‍ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ കളിക്കാവുന്ന പതിനഞ്ചോളം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോള്‍ ബാസ്കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇവിടെ റെഡിയാണ്.
ഇലക്ട്രിക് ബസ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ഗറ്റ്, ബാസ്കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, സ്കിപ്പിംഗ് റോപ്, ബാലന്‍സിംഗ്, ഫുട്ബോള്‍... എന്നിങ്ങനെ നീളുന്നു പട്ടിക.
കളിയും കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാള്‍
കളിയുടെയും അറിവിന്റെയും ലോകത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പ് സ്റ്റാള്‍.
ആടാനും പാടാനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളെപ്പറ്റി അറിവ് നേടാനുമെല്ലാം അവസരമുണ്ട്. കൂടാതെ കുരുന്നുകളെ കാത്തിരിക്കുന്നത് വര്‍ണാഭമായ പ്ലേ ഏരിയയും സെല്‍ഫി കോര്‍ണറുമാണ്. വൈജ്ഞാനിക വികസനം ലക്ഷ്യമിട്ടുള്ള കളികളും ഇവിടെ അനവധിയാണ്. ഇനി സ്റ്റാളിലുള്ള പോസ്റ്ററിലൂടെയെല്ലാം വിശദമായി ഒന്നു കണ്ണോടിക്കുക. തത്സമയ ക്വിസിന്റെ ഉത്തരങ്ങള്‍ ഇതിലൂടെ കണ്ടെത്തിയാല്‍ ഏവരെയും കാത്തിരിക്കുന്നത് ആകര്‍ഷണീയമായ സമ്മാനങ്ങളാണ്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സൗജന്യ കൗണ്‍സലിംഗ് സര്‍വീസ് ലഭ്യമാക്കുന്ന പേരന്റിംഗ് ക്ലിനിക്കാണ് മറ്റൊരു പ്രത്യേകത.