മണിമല പൂജരാജാക്കന്മാരുടെ ദേവാലയത്തിന് ഇരുനൂറിന്റെ നക്ഷത്രശോഭ
1545698
Saturday, April 26, 2025 7:05 AM IST
മണിമല: മണിമലയാറിന്റെ തീരത്ത് ആത്മീയവിശുദ്ധി ചൊരിയുന്ന പൂജരാജാക്കന്മാരുടെ പൗരാണിക ദേവാലയത്തിന് ഇരുനൂറാം വാര്‍ഷികത്തിന്റെ നക്ഷത്രശോഭ. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലെ എട്ട് ഇടവകകളുടെ തലപ്പള്ളിയെന്ന നിലയില്‍ മണിമല ഹോളി മാഗി ദേവാലയത്തിന്റെ പഴമയും പാരമ്പര്യവും പ്രൗഢിയും ഏറെ വലുതാണ്. മണിമലയുടെ ആത്മീയകേന്ദ്രം എന്നതിനുപരി കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ഗതാഗതം തുടങ്ങിയവയില്‍ ഹോളി മാഗി ഇടവകയുടെ സേവനം നിസ്തുലമാണ്.
നാലു നൂറ്റാണ്ട് മുന്‍പ് മണിമലയാറിന്റെ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണില്‍ കുടിയേറിത്തുടങ്ങിയ കര്‍ഷകര്‍ ആരാധന നടത്താന്‍ ആദ്യം നിരണം പള്ളിയിലും പിന്നീട് കല്ലൂപ്പാറ പള്ളിയിലും അതിനുശേഷം വായ്പൂര് പഴയപള്ളിയിലുമാണ് പോയിരുന്നത്. പിന്നീട് പതിമൂന്നു കിലോമീറ്റര്‍ അകലെ കാഞ്ഞിരപ്പള്ളി പള്ളിയില്‍ ഇടവക ചേര്‍ന്നു. 1816ല്‍ കാഞ്ഞിരപ്പള്ളി പള്ളിയുടെ പൊതുയോഗം കൂടി മണിമലയില്‍ കുരിശുപള്ളി പണിയാന്‍ അനുമതി ലഭിച്ചു. പില്ക്കാലത്ത് മണിമല കുരിശുപള്ളി ഇടവകയായി ഉയര്‍ത്തപ്പെട്ടു.
1825 ജനുവരി ആറിന് ദഹനാതിരുനാളില് പുതിയ പള്ളിയുടെ വെഞ്ചരിപ്പുകര്‍മം നടത്തി. 1951ല്‍ ഫാ. ജോണ്‍ തലോടില്‍ വികാരിയായിരിക്കുമ്പോഴാണ് നിലവിലെ പള്ളിയുടെ നിർമാണം തുടങ്ങിയത്. 1958 ജനുവരി നാലിന് പുതിയ പള്ളിയുടെ കൂദാശ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ട് നിര്‍വഹിച്ചു. 1974 ഓഗസ്റ്റ് 15ന് മണിമല പള്ളിയെ ഒരു ഫൊറോനയായി ഉയര്‍ത്തി. പള്ളി ആശീര്‍വദിക്കപ്പെട്ട കാലം മുതല്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി ഏഴുവരെയാണ് പൂജാരാജാക്കന്മാരുടെ വലിയ തിരുനാള്‍.
ജനുവരി അഞ്ചിന് വൈകുന്നേരം കറിക്കാട്ടൂര്‍ കപ്പേളയില്‍നിന്ന് ഹോളി മാഗി പള്ളിയിലേക്ക് വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുസ്വരൂപവും വഹിച്ച് അനേകായിരങ്ങള്‍ പങ്കെടുക്കുന്ന നഗരപ്രദക്ഷിണം മണിമലയുടെ ആത്മീയ ഉത്സവമാണ്. പ്രദേശത്തെ ആദ്യ ബൈബിള്‍ കണ്‍വന്‍ഷന്റെ തുടക്കവും മണിമലയാറിന്റെ മണല്‍പ്പുറത്താണ് ആരംഭിച്ചത്.