ശുചിത്വം ഉറപ്പുവരുത്തും; തട്ടുകടകളില്‍ പരിശോധനയുമായി പാലാ നഗരസഭ
1545732
Sunday, April 27, 2025 4:01 AM IST
പാലാ: നഗരസഭാ പ്രദേശത്തെ തട്ടുകടകളിലും രാത്രികാലം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ശുചിത്വനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ച് പാലാ നഗരസഭാ പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം. കഴിഞ്ഞ ദിവസം രാത്രി ഏഴു മുതല്‍ 11 വരെയാണ് പാലാ ടൗണിലെ തട്ടുകടകളെ കേന്ദ്രീകരിച്ച് പ്രത്യേക ഡ്രൈവ് നടത്തിയത്.
പ്രധാന റോഡരികുകളില്‍ ഫുട്പാത്തുകളിലാണ് മിക്ക തട്ടുകളും പ്രവര്‍ത്തിച്ചു വരുന്നത്.പരിശോധനയില്‍ കടകളിലെ മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കുന്നതായും പല കടകളും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. തട്ടുകടകളിലെ പാചകക്കാര്‍ക്കും വില്പനക്കാര്ക്കും ആരോഗ്യ പരിശോധന നടത്തി.
ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കുന്നതിലും സ്ഥാപന ഉടമകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ പ്ലേറ്റുകളുടെയും ഗ്ലാസുകളുടെയും നിരോധിത കളര്‍ ഉത്പന്നങ്ങളുടെയും ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. പാചകാവശ്യത്തിനായി സംഭരിക്കുന്ന കുടിവെള്ള പരിശോധനാ റിസൾട്ട് പല തട്ടുകടകളിലും ഉണ്ടായിരുന്നില്ല.
കുടിവെള്ളവും പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ജാറുകളും വൃത്തിഹീനമായി കാണപ്പെട്ടതായി നഗരസഭാ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലനവിഭാഗം കണ്ടെത്തി. മാലിന്യ സംസ്കരണത്തിലും ഗുരുതരമായ പിഴവുകള്‍ പരിശോധനാ സംഘത്തിന് ലഭിച്ചു. പരിശോധന നടത്തിയതില്‍ എട്ട് സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്കി.
പരിശോധനകള്‍ക്ക് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനീഷ് സിജി, പബ്ലിക് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് ആര്. ചന്ദ്രന്, താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ നേതൃത്വം നല്കി. നിയമലംഘകര്‍ക്കെതിരേ പിഴ ഈടാക്കല്‍, പ്രോസിക്യൂഷന് തുടങ്ങിയ നടപടികള്‍ സ്വീകരിക്കുമെന്ന് ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി. പി ജോണ്‍ അറിയിച്ചു.