റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറ ദിവംഗതനായിട്ട് നാല്പതുവര്ഷം
1545967
Sunday, April 27, 2025 6:54 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: സീറോമലബാര്‍ സഭയുടെ പ്രഗല്ഭനായ ദൈവശാസ്ത്രജ്ഞന്, ഭാരതസഭാ ചരിത്രത്തിലെ ഉജ്വല താരം, ആരാധനാക്രമങ്ങളുടെ പണ്ഡിതന്, എക്യുമെനിക്കല്‍ രംഗത്തെ അതികായന്, വാഗ്മി, കരുതലുള്ള അജപാലകന് എന്നീ നിലകളില്‍ അറിയപ്പെടുന്ന റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറ ദിവംഗതനായിട്ട് ഇന്ന് നാല്പതുവര്ഷം. അനിതര സാധാരണമായ ലാളിത്യം ജീവിതത്തില്‍ വിളങ്ങിയ അദ്ദേഹം സഭാപഠനങ്ങളില്‍ കൃത്യതയും പാരമ്പര്യങ്ങളില്‍ നിഷ്കര്‍ഷയും പുലര്‍ത്തിയ സഭാപിതാവാണ്.
വിശുദ്ധമായ ജീവിതവും ധീരമായ പ്രവാചകദൗത്യവും വഴി സീറോമലബാര്‍ സഭയ്ക്ക് നഷ്ടപ്പെട്ടുപോയ വിശ്വാസ പൈതൃകവും ആരാധനാക്രമത്തിന്റെ തനിമയും സഭയുടെ തന്നെ വ്യക്തിത്വവും അതിന്റെ പൂര്‍ണതയും പുനരുദ്ധരിക്കുന്നതില്‍ ഏറ്റവും ഫലപ്രദവും നിര്‍ണായകവുമായ നേതൃത്വം നല്കിയ പുണ്യശ്ലോകനാണ് പ്ലാസിഡച്ചന് എന്ന കര്‍മയോഗി.
1899 ഒക്ടോബര്‍ മൂന്നിന് ആര്‍പ്പൂക്കരയിൽ ജനിച്ച അദ്ദേഹം 1919ല്‍ ആദ്യവ്രതം ചെയ്തു സിഎംഐ സഭയിലെ അംഗമായി. 1927 ഡിസംബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. ഫിലോസഫി, തിയോളജി, കാനൻ ലോ എന്നിവകളിലായി മൂന്നു പിഎച്ച്ഡികള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സിഎംഐ സഭയുടെ മേജര്‍ സെമിനാരിയില്‍ 24 വര്‍ഷം പഠിപ്പിച്ചു.
ഇന്ത്യന്‍, വിദേശ ഭാഷകളില്‍ 37 ഗവേഷണ ഗ്രന്ഥങ്ങളും നൂറോളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. 1985 ഏപ്രില്‍ 27ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ അടക്കം ചെയ്തിരിക്കുന്ന ഈ പുണ്യചരിതന്റെ കബറിടത്തില്‍ നിരവധി സന്ദര്‍ശകര്‍ പ്രാര്‍ഥനകളുമായി എത്തുന്നുണ്ട്.
പ്ലാസിഡച്ചന്റെ നാല്പതാം ചരമവാര്‍ഷികാചരണം ഇന്ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യാള്‍ ഫാ. ആന്റണി ഇളന്തോട്ടം മുഖ്യകാര്‍മികനായിരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പ്ലാസിഡ് മെമ്മോറിയല്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.