അഞ്ചലശേരി പാടശേഖരത്തിലെ കൃഷിനാശം : കുറിച്ചി കൃഷി ഓഫീസറെ കര്‍ഷകര്‍ ഉപരോധിച്ചു
1545683
Saturday, April 26, 2025 6:52 AM IST
ചങ്ങനാശേരി: കുറിച്ചി കൃഷി ഭവന്റെ കീഴിലുള്ള അഞ്ചലശേരി പാടശേഖരത്തിൽ മഴ മൂലം കൊയ്യാനാകാതെ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ കുറിച്ചി കൃഷി ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഓഫീസ് സമയം കഴിഞ്ഞ് വൈകുന്നേരം ആറുവരെ നീണ്ട സമരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടറും നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ തത്കാലം പിന്‍വലിച്ചു.
സമരം നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സമിതി ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, ജിക്കു കുര്യാക്കോസ്, അഭിഷേക് ബിജു, സുഭാഷ് പി. കുമാര്‍, ശശിയപ്പന്‍ മട്ടാഞ്ചേരി, ഗംഗാധരന് കോയിപ്പുറം, ചാക്കോ മട്ടാഞ്ചേരി, മോഹനന് പുതുവല്‍, കൃഷ്ണന്‍കുട്ടി, വിജയന് കോയിപ്പുറം, കുട്ടപ്പന് കന്യാകോണില്‍, ബിനു നികത്തില്‍, സദാനന്ദന്, കുര്യാച്ചന് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ഓഫീസ് ഉപരോധിച്ചത്.
നഷ്ട പരിഹാരം ലഭിക്കുന്ന തരത്തില്‍ കൃഷിഭവന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് എന്കെഎസ്എസ് ഭാരവാഹികള്‍ പറഞ്ഞു.