അനധികൃത പാർക്കിംഗ്: കാഞ്ഞിരപ്പള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
1545740
Sunday, April 27, 2025 4:01 AM IST
കാഞ്ഞിരപ്പള്ളി: അനധികൃത പാർക്കിംഗ് മൂലം കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകുന്നേരംവരെ തുടർന്നു. കുരിശുങ്കല്‍ ജംഗ്ഷന്, പുത്തനങ്ങാടി റോഡ്, ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്, പേട്ടക്കവല എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്കുണ്ടായത്.
ദേശീയപാത 183ൽ പേട്ടക്കവല മുതൽ കുരിശുങ്കൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തു വലതുവശത്ത് മാത്രമാണ് പാർക്കിംഗിന് അനുവദിച്ചിട്ടുള്ളത്. ടൗണിലെത്തുന്നവരെല്ലാം ദേശീയപാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവർ ടൗണിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കുചെയ്യുന്നതോടെ ദേശീയപാതയിലെ രണ്ടുവരി ഗതാഗതം പോലും കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിനു പോലീസുമില്ല. ഏതാനും ഹോം ഗാർഡുകൾ മാത്രമാണ് ഗതാഗത നിയന്ത്രണത്തിനു ടൗണിലുള്ളത്. ലോക്കൽ പോലീസിൽ ആവശ്യത്തിനു പോലീസുകാരില്ലാത്തതിനാൽ രണ്ടു മൂന്നു ഹോം ഗാർഡുകളാണ് ടൗണിലെ ഗതാഗതം നിയന്ത്രിച്ചു വരുന്നത്. ഇവരാണെങ്കിൽ പാടുപെട്ടാണ് ഗതാഗതക്കുരുക്ക് അഴിക്കുന്നത്. പഞ്ചായത്തുവളവ് മുതൽ ഇരുപത്താറാംമൈൽ ജംഗ്ഷൻ വരെയാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു കിടന്നത്. ജനറൽ ആശുപത്രിയിലെയടക്കം നിരവധി ആബുംലൻസുകളാണ് കുരുക്കിൽപ്പെടുന്നത്.
ശനി, തിങ്കൾ ദിവസങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. വർഷങ്ങൾക്കുമുന്‍പ് ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ പഞ്ചായത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരങ്ങളും നടപ്പായിട്ടില്ല. ട്രാഫിക് ഉപദേശക സമിതി വിളിച്ചുചേർക്കുമെന്ന് അറിയിച്ചെങ്കിലും അതും ഫലപ്രദമായില്ല.