റോഡ് റീ ടാറിംഗിന് 5.48 കോടി രൂപയുടെ സാങ്കേതികാനുമതി
1545687
Saturday, April 26, 2025 7:00 AM IST
കടുത്തുരുത്തി: വാട്ടര്‍ അഥോറിറ്റിക്ക് പൈപ്പ് ഇടുന്നതിനുവേണ്ടി വിട്ടുകൊടുത്ത കടുത്തുരുത്തി - പിറവം റോഡിലെ കടുത്തുരുത്തി കൈലാസപുരം ക്ഷേത്രം മുതല്‍ അറുനൂറ്റിമംഗലം ജംഗ്ഷന് വരെയുള്ള മെയിന്‍ റോഡ് റീ ടാറിംഗ് നടത്തുന്നതിനുള്ള ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ ബിഎം ആന്‍ഡ് ബിസി ടാറിംഗ് നടപ്പാക്കുന്നതിന് 5.48 കോടി രൂപയുടെ സാങ്കേതിക അനുമതി ഉത്തരവ് പുറപ്പെടുവിച്ചു.
കടുത്തുരുത്തി - പിറവം റോഡ് പുനരുദ്ധരിക്കുന്നതിന് വാട്ടര്‍ അഥോറിറ്റി ഡെപ്പോസിറ്റ് ചെയ്ത 2.67 കോടി രൂപയും പൊതുമരാമത്ത് വകുപ്പ് റീ ടാറിംഗിനുവേണ്ടി നേരത്തേ അനുവദിച്ചിരുന്ന ശബരിമല പാക്കേജ് ഫണ്ടില്‍ നിന്നു മാറ്റിവച്ചിട്ടുള്ള 2.81 കോടി രൂപയും സംയുക്തമായി ഉള്‍പ്പെടുത്തിയാണ് 5.48 കോടി രൂപയുടെ ടെക്നിക്കല്‍ സാംഗ്ഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ സാങ്കേതികാനുമതി നല്കിയ 18 ലക്ഷം രൂപ വിനിയോഗിച്ച് കൈലാസപുരം ക്ഷേത്രഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ കലുങ്ക് നിര്‍മാണവും ഇതിന്റെ തുടര്‍ച്ചയായി ടൈല്‍ വിരിക്കുന്ന ജോലികളും നടപ്പാക്കുന്നതിനുള്ള അനുമതിയും ചീഫ് എന്‍ജിനിയര്‍ നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയിരിക്കുന്ന നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പ്രത്യേക ഇളവ് നല്‍കിയാണ് ടെക്നിക്കല്‍ സാംഗ്ഷന്‍ നല്‍കിയിട്ടുള്ളത്. അടുത്ത 15 ദിവസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ നടപ്പാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎൽഎ അറിയിച്ചു.