മോർഫിംഗ് വിരുതൻ പോലീസ് പിടിയിൽ
1545999
Sunday, April 27, 2025 7:05 AM IST
വൈക്കം: സാമൂഹികമാധ്യമങ്ങളിൽനിന്നു സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് നഗ്നചിത്രങ്ങളുമായി കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയായ വൈക്കം സ്വദേശിയായ യുവാവ് പിടിയിൽ. വൈക്കം ടിവി പുരം ചെമ്മനത്തുകര നെടിയിടത്ത് അരുണാ(35)ണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ രാത്രി ചെമ്മനത്തുകരയിലെ വീട്ടിൽ നിന്നാണ് പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്നതിനു തൊട്ടുമുമ്പും മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഇയാൾ അപ്ലോഡ് ചെയ്തതായി പോലീസുദ്യോഗസ്ഥർ പറഞ്ഞു. ഹരിപ്പാടുള്ള എട്ടോളം സ്ത്രീകളാണ് തങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങളെപ്പറ്റി പോലിസിൽ പരാതി നൽകിയിരിക്കുന്നത്. ഇതിൽ പതിനാലുകാരിയും ഉൾപ്പെട്ടതിനെത്തുടർന്ന് യുവാവിനെതിരേ പോക്സോ വകുപ്പുപ്രകാരവും കേസെടുത്തിട്ടുണ്ട്.
പ്രതിയുടെ ഫോണിൽ ആയിരത്തോളം മോർഫ് ചെയ്ത ചിത്രങ്ങൾ പോലീസ് കണ്ടെത്തി. ഇവരുടെ ചിത്രങ്ങൾ പ്രതിക്കു ലഭിക്കാനിടയായ സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ബേക്കറി ഉത്പന്നങ്ങൾ നിർമിക്കുന്ന ഐടിസി കമ്പനിയുടെ വൈക്കത്തെ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അരുൺ.
ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നിവയിൽനിന്ന് സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിക്കുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇവ ചെന്നൈയിലുള്ള ഒരാൾക്ക് അയയ്ക്കും. അയാളാണ് മോർഫ് ചെയ്ത സ്ത്രീകളുടെ നഗ്നചിത്രങ്ങൾ തനിക്കു കൈമാറുന്നതെന്നാണ് പിടിയിലായ യുവാവിന്റെ മൊഴി.
അഞ്ചു വർഷമായി ഇയാൾ ഇത്തരത്തിലുള്ള പ്രവർത്തനം നടത്തിവരുന്നുണ്ട്. പ്രതിയുടെ ഫോൺ പോലീസ് പിടിച്ചെടുത്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺവിളിയുടെ വിശദാംശങ്ങളും പരിശോധിക്കുകയാണെന്നും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മുഖ്യ പ്രതികളിലൊരാൾ ചെന്നൈയിലാണ്. ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഇ.എസ്. ഷൈജ, അനന്തു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഫെയ്സ്ബുക്കിൽ കാത്തു, മെസഞ്ചറിൽ ശ്രീക്കുട്ടി എന്ന ഗ്രൂപ്പിലുമാണ് മോർഫ് ചെയ്ത ചിത്രങ്ങളിടുന്നത്.
പ്രതി ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെ വിവരങ്ങൾ സൈബർ സെല്ലാണ് കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ വൈക്കത്തുനിന്നു പിടികൂടിയത്.