മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ഓക്സിജൻ നൽകുന്നത് കുടുംബശ്രീ ജീവനക്കാർ
1545962
Sunday, April 27, 2025 6:54 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ഓക്സിജൻ നൽകുന്നത് കുടുംബശ്രീ ജീവനക്കാർ. സംഭവം പ്രതിഷേധത്തിനിടയാക്കിരിക്കുകയാണ്. ആശുപത്രിയിലെ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ പലർക്കും ഓക്സിജന്റെ സഹായം വേണ്ടി വരും. ഇങ്ങനെയുള്ള രോഗികൾക്ക് ഡോക്ടറോ, നഴ്സോ ആദ്യം ഓക്സിജൻ സിലിണ്ടർ വച്ചു നൽകും.
എന്നാൽ ഓക്സിജൻ തീരുന്ന മുറയ്ക്ക് രോഗിയുടെ ബന്ധുക്കൾ ഓക്സിജൻ നിറയ്ക്കുന്നതിന് ഡോക്ടറേയോ നഴ്സിനെയോ സമീപിച്ചാൽ ഇവർ എത്താറില്ല. പകരം കുടുംബശ്രീ ജീവനക്കാരെ ഈ ജോലി ഏൽപിക്കുകയാണ് ചെയ്യുന്നത്. കുടുംബ ശ്രീ ജീവനക്കാർ സിലണ്ടറിൽ ഒക്സിജൻ നിറച്ച് രോഗിയുടെ മൂക്കിൽ ട്യൂബ് ഘടിപ്പിച്ചിട്ട് പോകുകയും ചെയ്യും.
എന്നാൽ ഓരോ രോഗിയുടെയും രോഗാവസ്ഥയുടെ അടിസ്ഥാനത്തിൽ നിശ്ചിത അളവിലാണ് ഓക്സിജൻ നൽകേണ്ടത്. ഈക്കാര്യത്തിൽ ഒരു പരിശീലനവും ലഭിക്കാത്ത കുടുംബശ്രീ ജീവനക്കാർ തെറ്റായ അളവിലാണ് രോഗികൾക്ക് ഓക്സിജൻ നൽകുന്നത്. ഇത് രോഗിയുടെ ജീവന് ഭീഷണിയാകുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ രണ്ടാം വാർഡിൽ കൂടുംബശ്രീ ജീവനക്കാർ തെറ്റായ അളവിൽ ഓക്സിജൻ നൽകിയതിനെത്തുടർന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഡോക്ടറോ നഴ്സോ പരിശീലനം ലഭിച്ച നഴ്സിംഗ് അസിസ്റ്റന്റോ ആണ് രോഗിക്ക് ഓക്സിജൻ നൽകേണ്ടത്. എന്നാൽ ആശുപത്രിയിലെ ശുചീകരണ ജോലിക്ക് നിയമിക്കപ്പെട്ട കുടുംബശ്രീ ജീവനക്കാരെക്കൊണ്ട് രോഗികൾക്ക് ഓക്സിജൻ നൽകുന്നതിൽ പ്രതിഷേധം ഉയർന്നിരി ക്കുകയാണ്.