വിട വാങ്ങിയതു ബഹുമുഖ പ്രതിഭയായ ജനകീയ ഡോക്ടര്‍
1545745
Sunday, April 27, 2025 4:01 AM IST
പാലാ: കൈപ്പുണ്യമുള്ള ഡോക്ടര്‍, രോഗം കണ്ടുപിടിക്കുന്നതില്‍ പ്രഗല്ഭന്, മികച്ച വോളിബോള്‍ താരം, മിമിക്രിയിലൂടെയും മാജിക് കലയിലൂടെയും ആളുകളെ ആകര്‍ഷിച്ച വ്യക്തി... ഇതൊക്കെയായിരുന്നു ഇന്നലെ അന്തരിച്ച പൈക പുതിയിടം ഹോസ്പിറ്റലിന്റെ ഉടമ ഡോ. ജോര്‍ജ് മാത്യു പുതിയിടം എന്ന വർക്കിച്ചൻ ഡോക്ടർ.
ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹിയായും ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണറായും പ്രവര്‍ത്തിച്ച ഇദ്ദേഹം പൈകയില്‍ ലയണ്‍സ് കണ്ണാശുപത്രി കൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്തു.
നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. ഇതിൽ 2008 ലെ ഫാമിലി മെമ്പര്‍ഷിപ്പ് പയനിയറിംഗ് അവാര്‍ഡ്, 2008 ലെ യുണൈറ്റഡ് ഇന്‍ സര്‍വീസ് അവാര്‍ഡ്, 2008 ലെ ടു സ്റ്റാര്‍ അവാര്‍ഡ്, 2008 ലെ ഫൗണ്ടേഴ്സ് മെമ്പര്‍ഷിപ്പ് ഗ്രോത്ത് അവാര്‍ഡ് എന്നിവയും ഉൾപ്പെടുന്നു. ഡിസ്ട്രിക്റ്റ് ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെ മാനേജിംഗ് ട്രസ്റ്റിയും അഖില കേരള പിഡിജി ഫോറത്തിന്റെ വൈസ് ചെയര്‍മാനുമാണ്.
ഡോ. ജോര്‍ജ് മാത്യു കലയിലും കായികരംഗത്തും സമാനതകളിലാത്ത മികവു പുലർത്തിയിരുന്നു. ജയ്പൂരില്‍ നടന്ന അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള യൂണിവേഴ്സിറ്റി വോളിബോള്‍ ടീമിനെ അദ്ദേഹം നയിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള സംസ്ഥാന വോളിബോള്‍ ടീമിനെ നയിച്ചു.
1981-ല്‍ ഇന്ത്യ-ഓസ്ട്രേലിയ വോളിബോള്‍ ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1976-ല്‍ കേരള യൂണിവേഴ്സിറ്റി ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ജേതാവാണ്. മോണോആക്ട് ആന്‍ഡ് മിമിക്രിയില്‍ തുടര്‍ച്ചയായി നാലു തവണ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിലും ഓള് കേരള ഇന്റര്‍ മെഡിക്കോസ് യൂത്ത് ഫെസ്റ്റിവലിലും ഡോ. ജോര്‍ജ് മാത്യു വിജയിയായി. 1978ല്‍ കേരളയൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നു.